ബെംഗളൂരു: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാടു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ദോഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. ബംഗളൂരുവിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

നാലു ദിവസമായി ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇഡി ഇന്ന് ഓഫിസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തു സംസാരിച്ചത് വിവാദമായിരുന്നു.

ചോദ്യം ചെയ്യലിനിടെ കടുത്ത നടുവേദന ഉള്ളതായി ബിനീഷ് അറിയിച്ചു തുടര്‍ന്ന് ആദ്യം വിക്‌ടോറിയ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ ബിനോയ് കോടിയേരി ആശുപത്രിയിലെത്തുകയും ചെയ്തു. എന്നാല്‍ പ്രധാന കോവിഡ് കെയര്‍ സെന്റര്‍ ആയതിനാല്‍ വിക്‌ടോറിയ ആശുപത്രിയില്‍നിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെന്നാണു സൂചന.

ബി കാപിറ്റല്‍ ഫോറക്‌സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ഈ കമ്പനികളില്‍ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നതാണ് കാരണം.