കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ പടര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍. അസന്‍സോള്‍ ബിജെപി ജില്ലാ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

tarun-sengupta-bjp_650x400_71499841653
ബംഗാളില്‍ കലാപം പൊട്ടിപുറപ്പെട്ടതു മുതല്‍ സമാന കേസില്‍ പിടിയിലാകുന്ന മൂന്നാമത്തെ വ്യക്തിയാണ് സെന്‍ഗുപ്ത. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിജെപി വക്താവിനെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. കൂടാതെ കലാപം നടന്ന ബാസിര്‍ഹതിലെ ചിത്രമെന്ന രീതിയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് ഒരാളെ സോനാര്‍പൂരില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു.
വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്ന ബിജെപി നടപടികള്‍ക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ലെന്ന് മമത പറഞ്ഞു.