രാജ്‌സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്‌റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി കത്തിച്ചായിരുന്നു കൊലപാതകം നടത്തിയത്.

എം.പി രാജ്‌സമന്ത് ഹിരഓം സിംഗ് റാത്തോഡ്, എം.എല്‍.എ കിരണ്‍ മഹേശ്വരി എന്നിവരുടെ ഗ്രൂപ്പുകളിലാണ് ശാംബുലാല്‍ റൈഗറിനെ പ്രശംസിക്കുന്നത്. സ്വച്ഛ് രാജ്‌സമന്ദ്, സ്വച്ഛ് ഭാരത് എന്നിവയാണു ഗ്രൂപ്പുകള്‍. കൊലപാതകം നടത്തിയതിനേയും കൊലയാളിക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാകുന്നതിനേയും അഭിനന്ദിക്കുന്നതാണ് സന്ദേശങ്ങള്‍. ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം എന്നും ശംഭുലാലിന് വേണ്ടി വക്കീല്‍ ഹാജരാകുന്നതിനെ പ്രശംസിച്ചാണ് മറ്റൊരു മെസ്സേജ്. ‘സുഖ്‌ദേവ് ശംഭുവിനായി പൊരുതും, അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കും. ഒരു വക്കീല്‍ നിങ്ങളെ പോലായിരിക്കണം. ജയ് മേവാര്‍, ജയ് മാവ്‌ലി. അഡ്വക്കേറ്റ് സുഖ്‌ദേവ് ഉജ്ജ്വല്‍ മാവ്‌ലി പണം പറ്റാതെ പോരാടും’ എന്നാണ് അടുത്ത സന്ദേശം. ഇങ്ങനെ കൊലയാളിയെ പ്രശംസിച്ചുകൊണ്ടാണ് ഗ്രൂപ്പിലെ ആശയവിനിമയങ്ങള്‍. അതേസമയം, വാട്‌സ് അപ്പ് സന്ദേശത്തെ സുഖ്‌ദേവ് നിഷേധിച്ചു. താന്‍ ശംഭുലാലിനായി ഹാജരാകുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഖ്‌ദേവ് പറഞ്ഞു. ഗ്രൂപ്പിലെത്തിയ സന്ദേശങ്ങളെ സംബന്ധിച്ച് അറിവില്ലെന്ന് എംപി റാത്തോഡും എം.എല്‍.എ. കിരണ്‍ മഹേശ്വരിയും പ്രതികരിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മു്മ്പാണ് ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ഒരു മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്ന് കത്തിക്കുന്നത്. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് സംഭവം. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുല്‍. രാജസ്ഥാനിലെ രാജ്‌സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ലൗജിഹാദ് ആരോപിച്ചുള്ള കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകി ശാംബുലാല്‍ റൈഗര്‍ അന്ന് തന്നെ പോലീസ് പിടിയിലായിരുന്നു.

മുഹമ്മദ് അഫ്‌റസുലിനെ കൊന്നത് ഒരു കുറ്റമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതി ശാബുലാല്‍ റൈഗര്‍ പ്രതികരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദെല്‍വാര പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു ശാംബുലാലിന്റെ പ്രതികരണം. താന്‍ ചെയ്തത് ഒരു കുറ്റമാണെന്ന് ഇപ്പോഴും വിശ്വിസിക്കുന്നില്ല. തന്റെ സുഹൃത്തിന്റെ സഹോദരിയുമായി ഇയാള്‍ ഒളിച്ചോടിയിരുന്നു. അവളെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ സഹായിച്ചുവെന്നും തന്റെ മരുമകന്‍ വഴിയാണ് ഈ വീഡിയോ ഉണ്ടാക്കിയതെന്നും ശാബുലാല്‍ പറഞ്ഞിരുന്നു. കുറ്റമാണെന്ന് പ്രതി വിശ്വസിക്കാതിരിക്കുമ്പോഴാണ് പ്രതിക്ക് പിന്തുണയുമായി ബി.ജെ.പി ജനപ്രതിനിധികളുടെ വാട്‌സ്അപ്പ് സന്ദേശങ്ങളും പുറത്തുവരുന്നത്.