നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ വരുമാനം അരലക്ഷത്തില്‍ നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്ന ആരോപണം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നു. ദേശീയ അധ്യക്ഷന്റെ മകന്റെ അഭൂതപൂര്‍വമായ ബിസിനസ് വളര്‍ച്ചയെപ്പറ്റി തെളിവുകള്‍ സഹിതം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ The Wire ആണ് വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും തരംഗമായതോടെ പ്രതിരോധിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ബി.ജെ.പി.

മാന്യനായ അധ്യക്ഷന്റെയും മകന്റെയും പേര് കളങ്കപ്പെടുത്താനുള്ള നീക്കത്തില്‍ ‘ദി വൈറി’നെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് ബി.ജെ.പി തീരുമാനം. 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയ് അമിത് ഷാ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. അതിനിടെ, അമിത് ഷായുടെ പ്രതിനിധി തങ്ങളുമായി ബന്ധപ്പെട്ടതായും മകന്‍ ‘സത്യസന്ധനും നിയമ വിധേയനും നിഷ്‌കളങ്കനും’ ആണെന്ന് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ദി വൈര്‍ വ്യക്തമാക്കി.

#LiesAgainstShah (അമിത് ഷാക്കെതിരെ കളവ്) എന്ന പേരില്‍ ബി.ജെ.പി അനുയായികള്‍ ട്വിറ്ററില്‍ കാംപെയ്‌നും തുടങ്ങിയിട്ടുണ്ട്. ഒരേ വിധമുള്ള ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ കൂടുതലായും പ്രചരിപ്പിക്കപ്പെടുന്നത്. ദി വൈറിന്റെ സത്യസന്ധത ചോദ്യം ചെയ്യുന്ന ബി.ജെ.പി അനുയായികളും നേതാക്കളും റിപ്പോര്‍ട്ട് തയാറാക്കിയ മാധ്യമ പ്രവര്‍ത്തകക്കെതിരെ അസഭ്യ വര്‍ഷങ്ങളും തുടരുന്നുണ്ട്.

 

‘അമിത് ഷായുടെ കൊള്ള’ ( #AmitSHahKiLoot ) എന്ന ഹാഷ് ടാഗും ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമാവുന്നുണ്ട്. നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പാവപ്പെട്ടവരോ ആര്‍.ബി.ഐയോ കര്‍ഷകരോ അല്ലെന്നും അമിത് ഷായുടെ മകനാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.