X

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാവാതെ ബി.ജെ.പി; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍ ധാരണയിലെത്താനാകാതെ ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നര മാസം പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാത്തതില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തി പുകയുന്നുവെന്നാണ് വിവരം. 30 ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ നേതാവിനെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി സജീവമാക്കിയെന്നാണ് വിവരം.

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, എം.എല്‍.എമാരായ ബസനഗൗഡ പട്ടീല്‍, ആര്‍ അശോക് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിന് പുറമേ സുനില്‍ കുമാര്‍, ജ്ഞാനേന്ദ്ര, എസ് സുരേഷ് കുമാര്‍, ഡോ. സിഎന്‍ അശ്വന്ത് നാരായണന്‍ എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുതിര്‍ന്ന അഞ്ചിലധികം നേതാക്കളുടെ പേരുകള്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടെന്നും നിയമസഭാ കക്ഷി യോഗ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് ഇനിയും നീണ്ടേക്കാം.

മെയ് 21 ന് ചേര്‍ന്ന ആദ്യ നിയമസഭാ കക്ഷി യോഗം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാതെ പിരിയുകയായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ പാര്‍ട്ടിയുടെ വോട്ട് അടിത്തറ ഉറപ്പിക്കുന്നതില്‍ കൂടി പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ നിര്‍ണായകമാവും എന്നതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ജൂലൈ 3ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ച് പുറത്ത് പ്രതിഷേധിക്കാനാണ് ബിജെപി തീരുമാനം. പ്രതിപക്ഷ നേതാവ് ആരാണെന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം.

webdesk13: