ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും തമ്മില്‍ രഹസ്യ അജണ്ടയെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനായി ബി.ജെ.പിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ്് ഉവൈസി രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. മുസ്‌ലിംകളുടെ മിശിഹയായി സ്വയം അവതരിക്കുന്ന ഒവൈസി യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ഏജന്റാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ദക്ഷിണ കന്നടയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും യു.പിയില്‍ ബി.ജെ.പി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി സമാന നീക്കം നടത്തിയിരുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ മഹാരാഷ്ട്രയിലും യു.പിയിലും ബി.ജെ.പിയെ സഹായിച്ച എ.ഐ.എം.ഐ.എം ഇപ്പോള്‍ കര്‍ണാടകയിലും ബി.ജെ.പിയുടെ സഹായത്തിനെത്തിയിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗുല്‍ബര്‍ഗ, ബിദാര്‍, റായ്ച്ചുര്‍, യാദഗിരി, കൊപ്പല്‍ എന്നീ ജില്ലകളടങ്ങുന്ന ഹൈദരാബാദ ്കര്‍ണാടക ഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ എ.ഐ.എം.ഐ.എം നേരത്തെ തന്നെ ശ്രമങ്ങള്‍ നടത്തിയിരുന്നു. മുസ്‌ലിം വോട്ടുകള്‍ ധാരാളമുള്ള മേഖലയില്‍ കന്നട കഴിഞ്ഞാല്‍ ഉറുദുവാണ് രണ്ടാം ഭാഷ.

ഏകദേശ കണക്കുകള്‍ പ്രകാരം കര്‍ണാടകയിലെ മുസ്‌ലിം ജനസംഖ്യ 11-13% വരെയാണ്. 15 ശതമാനം വരുന്ന കര്‍ണാടകയിലെ ന്യൂനപക്ഷ വോട്ടുകള്‍ അധികാരം നിലനിര്‍ത്താന്‍ പ്രധാനമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

അതേ സമയം 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ 2018ലെ നിയമസഭാ തെരഞ്ഞെുപ്പുകള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രസക്തിയുണ്ട്. ജനവിധി എന്തായാലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കാന്‍ ഇടയുണ്ട് എന്നതാണ് കാരണം. 2017ന്റെ ഒടുവില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ച വലിയ മുന്നേറ്റവും ബി.ജെ.പിക്കുണ്ടായ തളര്‍ച്ചയും മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതും നിര്‍ണായകമാണ്.

മധ്യപ്രദേശിനും രാജസ്ഥാനും പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിലും 2018ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ത്രിപുര, മേഘാലയ, കര്‍ണാടക, നാഗാലാന്റ്, മിസോറാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. സിദ്ധാ രാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കര്‍ണാടകത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമോ എന്നത് കോണ്‍ഗ്രസിനും നിര്‍ണായകമാണ്. കര്‍ണാടക ഒഴികെയുള്ളവ താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ്. ത്രിപുരയില്‍ ഇടതുപക്ഷവും മേഘാലയയില്‍ കോണ്‍ഗ്രസുമാണ് നിലവില്‍ അധികാരത്തിലുള്ളത്. മേഘാലയയയില്‍ പാളയത്തില്‍ പടയും നേതാക്കളുടെ പാര്‍ട്ടി വിടലും കോണ്‍ഗ്രസിന് ഇതിനകം തന്നെ വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.

മോദി പ്രധാനമന്ത്രി പദത്തിലും അമിത് ഷാ ബി.ജെ.പി ദേശീയ പ്രസിഡണ്ട് പദത്തിലും എത്തിയ ശേഷം നടന്ന ഭൂരിഭാഗം നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കായിരുന്നു വിജയം. ഡല്‍ഹി, ബിഹാര്‍, തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവ മാത്രമാണ് ഇതിന് മറുകുറി എഴുതിയത്. എന്നാല്‍ ബിഹാറില്‍ പിന്നീട് നീതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

മോദി പ്രഭാവത്തിന്റെ നിറം മങ്ങലും രാഹുല്‍ പ്രഭാവത്തിന്റെ ഉയര്‍ച്ചയുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ വേറിട്ടു നിര്‍ത്തിയത്. അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും മോദിയുടെയും അമിത് ഷായുടേയും തട്ടകത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയാണ് രാഹുല്‍ സോണിയാഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഇനിയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാഹുലിന്റെ ഗ്രാഫ് അടയാളപ്പെടുത്തുന്നതിലും നിര്‍ണായകമായിരിക്കും.

ഏപ്രില്‍ മാസത്തോടെയാണ് കര്‍ണാടകയില്‍ ജനവിധി പ്രതീക്ഷിക്കുന്നത്. നിലവിലെ കക്ഷി നില  ആകെ സീറ്റ്: 225 കോണ്‍ഗ്രസ്: 123, ബി.ജെ.പി: 44, ജനതാദള്‍ (സെക്യുലര്‍): 32 (40 അംഗങ്ങളുണ്ടെങ്കിലും എട്ടുപേര്‍ സസ്‌പെന്‍ഷനില്‍ ആണ്). മറ്റുള്ളവര്‍ 18, ഒഴിഞ്ഞുകിടക്കുന്നത്