പ്രമേഹമുള്ള കോവിഡ് രോഗികളില്‍ ദീര്‍ഘമായ ഐസിയു വാസത്തെ തുടര്‍ന്നുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് എന്ന ഫംഗല്‍ അണുബാധ ശ്രദ്ധിക്കാതെ വിട്ടാല്‍ രോഗിയുടെ ജീവന്‍ അപഹരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.

മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യുകോര്‍മൈകോസിസ്. കാഴ്ച നഷ്ടത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഈ ഫംഗല്‍ ബാധയ്‌ക്കെതിരെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പുറത്തിറക്കിയ ഉപദേശക രേഖയില്‍ പറയുന്നു.

ഫംഗസ് ബീജകോശങ്ങള്‍ ശ്വാസത്തിലൂടെ ഉള്ളിലേക്ക് കടക്കുന്നത് സൈനസിനെയും ശ്വാസകോശത്തെയും ബാധിക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍, രക്തം ഛര്‍ദ്ദിക്കല്‍, മാനസികാവസ്ഥയില്‍ വ്യതിയാനം തുടങ്ങിയവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.
അനിയന്ത്രിതമായ പ്രമേഹവും, കോവിഡ് ചികിത്സയ്ക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ പ്രതിരോധ സംവിധാനത്തെ അമര്‍ച്ച ചെയ്യുന്നതും, ദീര്‍ഘകാല ഐസിയു വാസവുമെല്ലാം ഇതിലേക്ക് നയിക്കുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. ബ്ലാക്ക് ഫംഗസ് നിയന്ത്രണത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും ഐസിഎംആര്‍ നിരത്തുന്നു.

ചെയ്യേണ്ടത് :

1. ഹൈപര്‍ഗ്ലൈസീമിയ നിയന്ത്രിക്കുക

2. കോവിഡ് രോഗ മുക്തരായി ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക

3. സ്റ്റിറോയ്ഡ് മരുന്നുകളും ആന്റിബയോട്ടിക്കുകളും വിവേകത്തോടെ ഉപയോഗിക്കുക

4. ഓക്‌സിജന്‍ തെറാപ്പി സമയത്ത് ഹ്യുമിഡിഫയറില്‍ വൃത്തിയുള്ള സ്റ്ററിലൈസ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക

ചെയ്യരുതാത്തത് :

1. രോഗ ലക്ഷണങ്ങളെ അവഗണിക്കരുത്

2. മൂക്ക് അടഞ്ഞിരിക്കുന്നത് ബാക്ടീരിയല്‍ സൈനസൈറ്റിസ് ആണെന്ന് കരുതി നിസ്സാരമായി വിടരുത്

3. രോഗകാരണം മനസ്സിലാക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്താന്‍ മടിക്കരുത്

4. ബ്ലാക്ക് ഫംഗസിന് ചികിത്സ എത്രയും വേഗം തുടങ്ങാതെ വൈകിപ്പിക്കരുത്