ഇടുക്കി: സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും കള്ളവോട്ട്. ഇത്തവണ ഇടുക്കിയില്‍ മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഉടുമ്പന്‍ചോലയിലെ രണ്ടു ബൂത്തുകളില്‍ ഇയാള്‍ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. ഇതേ സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തതായി പരാതിയുള്ളത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രഞ്ജിത് എന്നയാള്‍ മണ്ഡലത്തിലെ 66,69 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തു. കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് രേഖപ്പെടുത്തിയത്. കള്ളവോട്ട് രേഖപ്പെടുത്തിയ ശേഷം യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ഇയാള്‍ പരസ്യമായി വെല്ലുവിളിച്ചെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ പറഞ്ഞു. മണ്ഡലത്തില്‍ വ്യാപകമായി ചെയ്ത കള്ളവോട്ടുകളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും വീടുള്ളവരെ സി.പി.എം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ട് ചെയ്യിച്ചെന്നായിരുന്നു ആരോപണം.