അബൂജ: നൈജീരിയന്‍ ഭരണകൂടവുമായുണ്ടാക്കിയ തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം മോചിതരാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ വീഡിയോ ബോകോഹറം തീവ്രവാദികള്‍ പുറത്തുവിട്ടു. മുഖാവരണം ധരിച്ച് തോക്കുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റു മൂന്ന് പേരെയും വീഡിയോയില്‍ കാണാം.

കഴിഞ്ഞയാഴ്ച ഏതാനും തീവ്രവാദികള്‍ക്കു പകരം 82 പെണ്‍കുട്ടികളെ ബോകോഹറം വിട്ടയച്ചിരുന്നു. ബോകോഹറം തീവ്രവാദിയെ വിവാഹം ചെയ്ത ഒരു പെണ്‍കുട്ടി മാത്രം വീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ചതായി നൈജീരിയന്‍ പ്രസിഡന്റിന്റെ വക്താവ് സാര്‍ബ ഷെഹു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തീവ്രവാദികളുടെ തടങ്കലില്‍ കഴിയവെ കൂടുതല്‍ പേര്‍ ഇങ്ങനെ ബോകോഹറം അനുഭാവികളായി മാറിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. 82 പെണ്‍കുട്ടികള്‍ക്കു പകരം അഞ്ച് കമാന്‍ഡര്‍മാരെയാണ് തങ്ങള്‍ക്ക് തിരിച്ചുകിട്ടിയതെന്ന് ബോകോഹറം അവകാശപ്പെടുന്നുണ്ട്. 2014 ഏപ്രിലിലാണ് ചിബോകിലെ ഒരു സ്‌കൂള്‍ ആക്രമിച്ച് 276 പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 106 പേര്‍ മോചിതരാവുകയോ രക്ഷപ്പെടുകയോ ചെയ്തു. ബാക്കിയുള്ളവരില്‍ 82 പേരെയാണ് കഴിഞ്ഞ ദിവസം വിട്ടയച്ചത്.