കാബൂള്‍:അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71ആയി. അഫ്ഗാനിസ്താനിലെ പക്ടിയ, ഗാസനി മേഖലകളിലെ പോലീസ് ക്യാമ്പിനുനേരെയായിരുന്നു ചാവേറാക്രമണവും വെടിവെപ്പും ഉണ്ടായത്. 150പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാബൂളില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ആയുധമായെത്തിയ ഒരു കൂട്ടം ആളുകള്‍ ക്യാമ്പിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. പക്ടിയ പ്രദേശത്ത് പ്രാദേശിക സമയം 4.30നായിരുന്നു ആക്രമണം. ഇവിടെ 41പേരും ഗാസനിയില്‍ 30പേരും കൊല്ലപ്പെട്ടു. തുടര്‍ച്ചയായുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയായിരുന്നു. ആക്രമികളില്‍ രണ്ടുപേരെ സൈന്യം വധിച്ചു.