ഇസ്‌ലാമാബാദ്: രാജ്യത്ത് സുരക്ഷയൊരുക്കാന്‍ പാക്കിസ്ഥാന്‍ അമേരിക്കയോട് വീണ്ടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ തര്‍ക്കമേഖലയില്‍ വേലിക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം.

മലകളും കുന്നുകളും ഉള്‍പ്പെടുന്ന പ്രദേശത്ത് 2343 കിലോമീറ്റര്‍ വേലി നിര്‍മിക്കാനാണ് പാക്കിസ്ഥാന്‍ പദ്ധതിയിട്ടത്. എന്നാല്‍ പദ്ധതിയുടെ പത്തു ശതമാനത്തില്‍താഴെ മാത്രമേ ഇതുവരെ നിര്‍മിക്കാന്‍ കഴിഞ്ഞുള്ളൂ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് നിര്‍മാണം നിലയ്ക്കുകയായിരുന്നു. ഈഘട്ടത്തിലാണ് പാക്കിസ്ഥാന്‍ അമേരിക്കയോട് സഹായം ആവശ്യപ്പെട്ടത്. വേലി നിര്‍മാണത്തില്‍ സഹായം നല്‍കാന്‍ യുഎസിന് അധികം ചെലവ് വരില്ലെന്നും യുദ്ധത്തിനായി അവര്‍ അതിലേറെ പണം ചെലവഴിക്കുന്നുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

വേലി നിര്‍മിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ വരവ് ചെറുക്കാന്‍ സഹായിക്കുമെന്നും വേലിയില്ലാത്തതിനാല്‍ 70,000 പേര്‍ ദിവസേന അതിര്‍ത്തി കടക്കുന്നുണ്ടെന്നും ആസിഫ് പറയുന്നു. 2019 ഓടെ വേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. താലിബാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ സ്വര്‍ഗം ഒരുക്കി നല്‍കുകയാണെന്നു യുഎസ് പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു. പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതായി അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 25.5 കോടി ഡോളറിന്റെ (ഏകദേശം 1630 കോടിരൂപ) സഹായമാണു നിര്‍ത്തലാക്കിയത്. സാമ്പത്തിക സഹായം കൈപ്പറ്റി അമേരിക്കന്‍ സര്‍ക്കാരുകളെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കുകയായിരുന്നെന്നു പുതുവര്‍ഷത്തെ ആദ്യ ട്വീറ്റില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് ഭരണകൂടം നടപടി സ്വീകരിച്ചത്.