ചണ്ഡീഗഡ്: യുവതിയുടെ ബാഗ് തട്ടിയെടുക്കാനായി ബൈക്കിലെത്തിയ മൂന്നംഗ കവര്‍ച്ചാസംഘത്തെ ചെറുത്തുതോല്‍പ്പിച്ച് യുവതി. പഞ്ചാബില്‍ ഭട്ടിന്‍ഡ ജില്ലയിലാണ് സംഭവം. പേഴ്സ് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ച അക്രമിസംഘത്തെ ധീരമായി യുവതി നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പൊലീസ് ഏല്‍പ്പിച്ചു.

റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ പിന്നിലൂടെ അതിവേഗം ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ബെക്കിന്റെ പിന്നിലിരുന്ന സംഘത്തിലൊരാല്‍ യുവതിയുടെ പേഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേഴ്സില്‍ നിന്ന് പിടിവിടാന്‍ യുവതി തയാറായില്ല. തുടര്‍ന്ന് യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു. എന്നാല്‍ ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്ന അക്രമിയുടെ ടീഷര്‍ട്ടില്‍ പിടിച്ചുവലിച്ച് നിലത്തിട്ടാണ് ആക്രമണത്തെ യുവതി ചെറുത്തത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി സംഘത്തിലെ രണ്ട് പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതേസമയം, സമാനമായ സംഭവം പഞ്ചാബില്‍ കഴിഞ്ഞ മാസവും നടന്നിരുന്നു. ജലന്ധറില്‍ നിന്നുള്ള 15 കാരികളായ രണ്ട് പെണ്‍കുട്ടികളെ ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചത്. മൊബൈല്‍ തട്ടിയെടുക്കാന്‍ യുവാക്കളുടെ ശ്രമം പെണ്‍കുട്ടികള്‍ പരാജയപ്പെടുത്തുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിച്ചെങ്കിലും അവരെ വിടാന്‍ പെണ്‍കുട്ടികള്‍ അനുവദിച്ചിരുന്നില്ല. പിന്നീട് നാട്ടുകാര്‍ സ്ഥലത്തെത്തി കുറ്റവാളിയെ പിടിച്ച് പോലീസിന് കൈമാറി.