സാവോ പോളോ: ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ്. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഫോര്‍ട്ടലെസയിലെ ഫോറോ ഡോ ഗാഗോ ഡാന്‍സ് ക്ലബ്ബ് പരിസരത്ത് മൂന്നു വാഹനങ്ങളിലായി എത്തിയ സായുധരായ അക്രമികള്‍ പിന്നീട് ക്ലബിലേക്കു തള്ളിക്കയറി വെടിവെക്കുകയായിരുന്നു. മയക്കുമരുന്നു മാഫിയക്കെതിരെ പൊലീസ് നടത്തുന്ന നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് വെടിവെപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ലബിന്റെ തൊട്ടടുത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലേയും വീടുകളിലേയും ചുമരുകളില്‍ വെടിയുണ്ടകളുടെ പാടുകളുള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം ആസൂത്രിതമാണെന്നും അതിക്രൂരമായ ആക്രമണമാണു നടന്നിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സമീപകാലത്തൊന്നും ഇത്രയും ക്രൂരമായ ആക്രമണം ഫോര്‍ട്ടലേസയില്‍ ഉണ്ടായിട്ടില്ല. അക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ലഹരി വില്‍പന സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിനു പിന്നില്ലെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ജനുവരി ഏഴിന് ഫോര്‍ട്ടലേസയില്‍ നടന്ന ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മേഖലയില്‍ നിരവധി പേരാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടത്. ഇതില്‍ 80 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കൊലപാതകങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.