സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്ന് രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്‍ട്ട് സ്‌റ്റേഡിയത്തില്‍ ടീം നാളെ പരിശീലനം നടത്തും.

പ്രത്യേക വിമാനത്തില്‍ കടുംനീല സ്യൂട്ടണിഞ്ഞ് സോചിയില്‍ വിമാനമിറങ്ങിയ ബ്രസീല്‍ ടീമിനെ സംഘാടകരും അധികൃതരും ഊഷ്മളമായാണ് വരവേറ്റത്. വിമാനമിറങ്ങിയ ഉടന്‍ തന്നെ ഗ്രൂപ്പ് ഫോട്ടോ്ക്ക് പോസ് ചെയ്ത നെയ്മറും സംഘവും തങ്ങളെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്താണ് വിമാനത്താവളത്തിനു പുറത്തേക്കു കടന്നത്. പ്രാദേശിക രീതിയില്‍ വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും കുട്ടികളും ടീമിനെ വരവേല്‍ക്കാന്‍ റിസോര്‍ട്ടില്‍ അണിനിരന്നിരുന്നു.

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ ബ്രസീല്‍ ടീം ഇത്തവണയും നിറഞ്ഞ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനെത്തുന്നത്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ വളരെ നേരത്തെ സ്ഥാനമുറപ്പിച്ച അവര്‍, അവസാന സന്നാഹ മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തിരുന്നു. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലാന്റ്, കോസ്റ്ററിക്ക, സെര്‍ബിയ എന്നിവരെയാണ് ബ്രസീലിന് നേരിടാനുള്ളത്.