സ്വീഡന്‍ 1 – സ്വിറ്റ്‌സര്‍ലാന്റ് 0

#SWESUI

#WCReviewShafi

‘ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്‍?’ എന്നു തോന്നിക്കുന്ന മത്സരങ്ങള്‍ അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്‌ബോള്‍ എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്‍ജിയം – ജപ്പാന്‍ മത്സരത്തിനു പിന്നാലെ അത്തരമൊരു വിരസ മത്സരം കാണേണ്ടി വന്നു എന്നത് കഷ്ടമാണ്. താരപ്പൊലിമയുടെ ഭാരമില്ലാത്ത രണ്ട് യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കളി ആകര്‍ഷകമാവില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഷഖീരിയുടെയും ഗ്രാനിത് ഷാക്കയുടെയുമൊക്കെ സ്വിറ്റ്‌സര്‍ലാന്റ് ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനവര്‍ക്ക് അര്‍ഹതയുമുണ്ടായിരുന്നു. പക്ഷേ, എങ്ങനെയോ അടിച്ച ഒരു ഗോളില്‍ ജയിച്ച് സ്വീഡന്‍ അവസാന എട്ടിലേക്ക് ടിക്കറ്റ് നേടി. സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായി വന്നിട്ടും ക്വാര്‍ട്ടറില്‍ കയറാതെ സ്വിസ്സുകാര്‍ മടങ്ങുകയും ചെയ്തു.

മൈതാനമധ്യത്തില്‍ കളി മെനയ്തും ആസൂത്രിത നീക്കങ്ങളിലൂടെ ബോക്‌സില്‍ കയറിയും കുറ്റമറ്റ രീതിയില്‍ ഫിനിഷ് ചെയ്തും കൊണ്ടുള്ള പന്തുകളിക്ക് ഉന്നത ശേഷിയുള്ള കളിക്കാരും അതിനനുസരിച്ചുള്ള കേളീശൈലിയും വേണം. ഇന്നത്തെ കളിയില്‍ ഇരുടീമുകള്‍ക്കും അസാധാരണ മികവുള്ള താരങ്ങളോ ശൈലീകാരന്മാരായ കോച്ചുമാരോ ഇല്ലായിരുന്നു. കളിക്കു മുമ്പ് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ തുലച്ചു കളഞ്ഞ് സ്വിറ്റ്‌സര്‍ലാന്റ് സ്വന്തം ശവക്കുഴി തോണ്ടി. ഉയരക്കാരായ മുന്നേറ്റക്കാര്‍ക്ക് വായുവിലൂടെ പന്തെത്തിച്ചു നല്‍കിയ സ്വീഡനാകട്ടെ, നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പന്ത് വലയിലാക്കി, ആ ലീഡ് സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തു.

ഗൂഢതന്ത്രങ്ങളൊന്നുമില്ലാതെയുള്ള ഓപണ്‍ ഗെയിമുകളില്‍, മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെടാന്‍ ഒരൊറ്റ ഗോള്‍ ധാരാളമാണ്. തമ്മില്‍ ഭേദപ്പെട്ട ടീമുകള്‍ക്ക് തുടക്കം മുതലേ മത്സരം കൈവശപ്പെടുത്തിയില്ലെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് എതിരാളി ഭാഗ്യം തങ്ങളുടേതാക്കും. കട്ടപ്പാടങ്ങളിലെ സെവന്‍സ് മുതല്‍ ലോകകപ്പ് വേദി വരെ അതില്‍ കാര്യമായ മാറ്റമില്ല. ഗോളടിക്കുകയും അത് സംരക്ഷിക്കാന്‍ പിന്നില്‍ കോട്ടകെട്ടുകയും ചെയ്യുന്ന ശൈലിയും ഫുട്‌ബോളിന്റെ ഭാഗമാകയാല്‍ അതിനെ കുറ്റംപറയാനുമില്ല. നിരന്തരമായ ആക്രമണങ്ങളിലൂടെ ആ കോട്ട ഭേദിച്ച് സമനില കണ്ടെത്തുകയും മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് പിന്നെ എതിര്‍ടീമിന് ചെയ്യാനുണ്ടായിരുന്നത്. ഷര്‍ദാന്‍ ഷഖീരി ഡീപ്പില്‍ നിന്നും റോഡ്രിഗസ് ഇടതുഭാഗത്തു നിന്നുമൊക്കെ തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ അപകടകരമായ രീതിയില്‍ താണിറങ്ങിയെങ്കിലും അവയില്‍ തലവെക്കാന്‍ പാകത്തിലുള്ള ക്വാളിറ്റി സ്‌ട്രൈക്കര്‍മാര്‍ ഇല്ലാതിരുന്നതാണ് സ്വിറ്റ്‌സര്‍ലാന്റിന് തിരിച്ചടിയായത്. അര്‍ധാവസരങ്ങളില്‍ അവര്‍ ഷോട്ടുതിര്‍ക്കാന്‍ മുതിര്‍ന്നപ്പോഴൊക്കെ ശരീരം കൊണ്ട് നിരപ്പലകയിട്ട് സ്വീഡന്‍കാര്‍ അത് വിഫലമാക്കുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലാന്റിന് അനായാസം തോല്‍പ്പിക്കാമായിരുന്ന ടീമായിരുന്നു സ്വീഡന്‍. ഗോളൊഴികെ എല്ലാ മേഖലയിലും അവര്‍ മുന്‍തൂക്കം പുലര്‍ത്തുകയും ചെയ്തു. 1954-നു ശേഷം ആദ്യമായി ക്വാര്‍ട്ടറിലെത്താനുള്ള സുവര്‍ണാവസരം പാഴാക്കിയെന്ന കുറ്റബോധത്തില്‍ അവര്‍ക്ക് റഷ്യയില്‍ നിന്നു മടങ്ങാം. അതേസമയം, 1958-നു ശേഷം ഇതാദ്യമായി തുടര്‍ച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സ്വീഡന് ക്വാര്‍ട്ടര്‍ ഫൈനലിനൊരുങ്ങാം. അവിടെ എതിരാളികള്‍ ഇംഗ്ലണ്ടോ കൊളംബിയയോ, ആരായിരുന്നാലും മുന്നോട്ടുള്ള ഗമിക്കണമെങ്കില്‍ ഇന്നത്തെ കളി കളിച്ചാല്‍ മതിയാവില്ല. വേറൊരു രീതിയില്‍, പ്രീക്വാര്‍ട്ടര്‍ ജയിച്ചാല്‍ സെമിബെര്‍ത്ത് എന്ന സാധ്യതയിലേക്കാണ് ഇംഗ്ലണ്ടും കൊളംബിയയും ബൂട്ടുകെട്ടുന്നത് എന്നും പറയാം.