മോസ്‌കോ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കുറിച്ച് ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഫ്രാന്‍സിനോട് തോറ്റ് നിരാശനായി മടങ്ങുന്ന മെസ്സിയെ പോഗ്‌ബെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടിവൈസ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പോഗ്‌ബെ മെസ്സിയെ കുറിച്ച് പറയുന്നത്. ‘കഴിഞ്ഞ് 10 വര്‍ഷത്തെ ലോകത്തെ മികച്ച ഫുട്‌ബോളര്‍മാരിലൊരാളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ പഠിക്കുകയും കൂടുതല്‍ കളി കാണുകയും ചെയ്തു. ഫുട്‌ബോളിനെ പ്രണയിക്കാന്‍ അദ്ദേഹമെന്നെ പഠിപ്പിച്ചു. എപ്പോഴും അദ്ദേഹം എന്റെ മാതൃകയായിരിക്കും. കളിച്ചതും ജയിച്ചതും ലോകത്തിലെ ഏറ്റവും മികച്ചയാള്‍ക്കെതിരെയാണ്. എന്നും ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും’-പോഗ്‌ബെ പറഞ്ഞു.

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് അര്‍ജന്റീന പുറത്തായത്.