റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമറും ഭാര്യയും കൊട്ടാരം ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. പ്രേതപ്പേടിയാണ് ബ്രസീലിയന്‍ പ്രസിഡന്റുമാര്‍ക്കുള്ള ഔദ്യോഗിക വസതിയായ ചരിത്രപ്രസിദ്ധമായ അല്‍വരോഡ കൊട്ടാരം ഉപേക്ഷിച്ചുപോകാന്‍ ടെമറെ പ്രേരിപ്പിച്ചത്. സ്വിമ്മിംഗ് പൂള്‍, ഫുട്‌ബോള്‍ മൈതാനം, മെഡിക്കല്‍ സെന്റര്‍, വലിയ പുല്‍മേട് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടുകൂടിയ അല്‍വരോഡ കൊട്ടാരത്തിലെ ജീവിതം ആരും കൊതിച്ചുപോകും.

എന്നാല്‍ പ്രേത ശല്യം കാരണം കൊട്ടാരത്തിലെ സുഖാഢംബരങ്ങളൊന്നും ആസ്വദിക്കാന്‍ 76കാരനായ ടെമറിന് സാധിക്കുന്നില്ല. ജീവന്‍ പണയം വെച്ച് അല്‍വരോഡയില്‍ കഴിഞ്ഞുകൂടാന്‍ താനില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൊട്ടാരത്തിലെത്തി ആദ്യരാത്രി മുതല്‍ തനിക്ക് ശരിയായി ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് ഒരു ബ്രസീലിയന്‍ ന്യൂസ് വീക്കിലിയോട് അദ്ദേഹം പറഞ്ഞു. അസാധാരണമായ ചിലതെല്ലാം തനിക്ക് അനുഭവപ്പെട്ടു. 33കാരിയായ ഭാര്യ മാര്‍സെലക്കും അതേ അനുഭവമുണ്ടായി. ഏഴു വയസുള്ള ഇവരുടെ മകന് മാത്രം ഒരു പ്രശ്‌നവുമില്ല. അവന്‍ കൊട്ടാരത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടും. അവന് കൊട്ടാരം ഏറെ ഇഷ്ടപ്പെട്ടതായും ടെമര്‍ പറയുന്നു.
ബ്രസീലിയന്‍ വാസ്തുശില്‍പി ഓസ്‌കാര്‍ നെയ്മറാണ് അല്‍വരോഡ കൊട്ടാരം രൂപകല്‍പന ചെയ്തത്. ഔദ്യോഗിക വസതി ഉടന്‍ ഉപേക്ഷിക്കാന്‍ ഒരു പുരോഹിതനും പ്രസിഡന്റിനെ ഉപദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വൈസ് പ്രസിഡന്റുമാര്‍ താമസിക്കുന്ന ചെറിയൊരു വസതിയിലേക്കാണ് ടെമറും കുടുംബവും താമസം മാറ്റിയിരിക്കുന്നതെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
വൈസ് പ്രസിഡന്റായിരിക്കെ അദ്ദേഹം താമസിച്ചിരുന്നതും ഇവിടെയാണ്. ബജറ്റുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് അധികാരമൊഴിയേണ്ടിവന്ന മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഒഴിവിലേക്കാണ് ടെമര്‍ പ്രസിഡന്റായത്.