ലഖ്നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പണവും സ്വർണവുമായി നവവധു മുങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വർണവും ഉൾപ്പെടെ കൈക്കലാക്കിയാണ് വധു മുങ്ങിയതെന്ന് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തിൽവെച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേർക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി. എന്നാൽ മണിക്കൂറുകൾക്കകം വധുവിനെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.