ഹൈദരാബാദ്: ഇന്റീരിയര്‍ ഡിസൈനറായ യുവാവിനെ ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചന്ദനഗര്‍ സ്വദേശിയായ ഹേമന്ത് ആണ് ഭാര്യവീട്ടുകാരുടെ ക്രൂരതയ്ക്കിരയായത്. എട്ടു വര്‍ഷം മുമ്പാണ് ഹൈദരാബാദ് സ്വദേശിയായ അവന്തിയുമായി ഹേമന്ത് പ്രണയത്തിലായത്. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാരുടെ തീരുമാനത്തിന് വിരുദ്ധമായി 2020 ജൂണ്‍ 11ന് ഇരുവരും വിവാഹിതരായി. ഖുത്ത്ബുള്ളാപുരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം തങ്ങളുടെ ജീവിതത്തിനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും പൊലീസിനെ സമീപിച്ചിരുന്നു.

വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഹേമന്ദ് ഭാര്യക്കൊപ്പം വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അവന്തിയുടെ അമ്മാവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഹേമന്ദിനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് കാറുകളിലായെത്തിയ സംഘം ഹേമന്ദിനെയും അവന്തിയേയും ബലമായി കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ അവന്തി കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തില്‍ തന്റെ അച്ഛന് പങ്കുള്ളതായി സംശയമുണ്ടെന്ന് അവന്തി പറഞ്ഞു. കാറില്‍ കയറ്റിയപ്പോള്‍ താന്‍ അച്ഛനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. അതേസമയം അമ്മാവന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണെടുത്ത് മറുപടി നല്‍കി. അവര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടായിരുന്നു. എല്ലാം അച്ഛന്റെ അറിവോടെയാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അവന്തി പറഞ്ഞു. സംഗാറെഡ്ഡിയിലെ പ്രാന്തപ്രദേശമായ കിഷ്ടയാഗുടത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ഹേമന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ജാതിയുടെ പേരിലാണ് തന്റെ മകന്‍ കൊല്ലപ്പെട്ടതെന്ന് ഹേമന്ദിന്റെ അമ്മ പറഞ്ഞു. ഞങ്ങള്‍ വൈശ്യ സമുദായക്കാരാണ്. റെഡ്ഢി സമുദായത്തില്‍ പെട്ട ഒരാള്‍ക്ക് മാത്രമേ മകളെ വിവാഹം ചെയ്തു കൊടുക്കൂ എന്ന് അവന്തിയുടെ ബന്ധുക്കള്‍ തന്നോട് പറഞ്ഞിരുന്നു എന്നും ഹേമന്ദിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.