ലണ്ടന്‍: ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനു പുറത്തുപോകാന്‍ തീരുമാനിച്ച ബ്രിട്ടന്‍ പുതിയ വിസ നിയമം പ്രഖ്യാപിച്ചു. യൂറോപ്പിനു പുറത്തുള്ളവര്‍ക്ക് കനത്ത ആഘാതമുണ്ടാക്കുന്നതാണ് പുതിയ വിസ നിയമം.

ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്കാണ് ഇതുമൂലം ഏറ്റവും തിരിച്ചടി നേരിടേണ്ടിവരുകയെന്നാണ് വിലയിരുത്തല്‍. പുതിയ നിയമമനുസരിച്ച് നവംബര്‍ 24 നു ശേഷം ടയര്‍ 2 ഇന്‍ട്രാകമ്പനി ട്രാന്‍സ്ഫര്‍ (ഐ.സി.ടി) വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയ ശമ്പളം 30,000 പൗണ്ട് ആയി ഉയര്‍ത്തി. നേരത്തെ ഇത് 20,800 പൗണ്ട് ആയിരുന്നു. ഐ.സി.ടി മാര്‍ഗം ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ ആയിരുന്നു. ഇന്ത്യന്‍ ഐടി ഉദ്യോഗസ്ഥരില്‍ ബ്രിട്ടനിലുള്ളവരില്‍ 90 ശതമാനവും ഐ.സി.ടി വിസയിലൂടെയാണ് എത്തിയത്. തൊഴിലില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് 25000 പൗണ്ടായും ബിരുദധാരികളായ ട്രെയിനികള്‍ക്ക് 23000 പൗണ്ടായും അടിസ്ഥാന ശമ്പളം ഉയര്‍ത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് യുകെ ആഭ്യന്തര വകുപ്പ് പുതുക്കിയ വിസ നിയമം പ്രഖ്യാപിച്ചത്.

ദ്വിദിന സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയില്‍ എത്താനിരിക്കേയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന പുതിയ പരീക്ഷ പാസായാല്‍ മാത്രമേ ഇനി വിസ ലഭിക്കൂവെന്ന ഭേദഗതിയും ഇതോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്. കുടുംബ വിസക്കുള്ള നിബന്ധനകളും കര്‍ശനമാക്കിയിട്ടുണ്ട്. ഭാര്യയേയോ മാതാപിതാക്കളേയോ ബ്രിട്ടനില്‍ സ്ഥിരമായി താമസിപ്പിക്കണമെങ്കില്‍ രണ്ടര വര്‍ഷം ബ്രിട്ടണില്‍ താമസിച്ചയാളാകണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.