പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനുമായി ഞെട്ടിക്കുന്ന നിരവധി പ്ലാനുകളുമായി ബിഎസ്എന്‍എല്‍. ജിയോയുടേയും വോഡഫോണ്‍-ഐഡിയ ടീമിന്റെയും വിപണി പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് മികച്ച ഓഫറുകളുമായി രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് രംഗത്തെത്തിയത്.

ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ഇതുവരെ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. കേവലം 449 രൂപയ്ക്ക് പ്രതിമാസം 3300 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാന്‍ കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ലഭ്യമാണ്. ഈ പ്ലാന്‍ സ്വീകരിക്കുന്ന ഉപഭോക്താവിന് വെറും 14 പൈസയ്ക്ക് 1 ജിബി ഡേറ്റ ലഭിക്കുന്ന അവസ്ഥയാണുണ്ടാവുക.

റിലയന്‍സ് ജിയോയുടെ പുതുക്കിയ ബ്രോഡാബാന്റോ സ്‌കീമായ ജിയോ ഫൈബര്‍ പ്ലാനുകളുമായി നേരിട്ട് മത്സരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാനുകള്‍. ഒക്ടോബര്‍ 1നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ തുടങ്ങിയത്. നിലവില്‍ കേരളത്തില്‍ രണ്ടു നഗരങ്ങളില്‍ മാത്രമായ ഈ പ്ലാനുകള്‍ ലഭിക്കുന്നത്. ജിയോയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്നതിനാലാണ് ബിഎസ്എന്‍എലിന്റെ ഈ നീ്ക്കം. അതേസമയം, സമാനമായ തുകയ്ക്കുള്ള പ്ലാനുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

ഇതു കൂടാതെ 799 രൂപ, 999 രൂപ, 1499 രൂപ പ്ലാനുകളും പുതുതായി ആരംഭിച്ച ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.