തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ഥിനിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ പൊരിമഴയത്ത് ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാര്‍. കൈയില്‍ ആകെയുണ്ടായിരുന്ന മൂന്നു രൂപയും വാങ്ങി വെച്ചാണ് കുട്ടിയെ മഴയത്ത് ഇറക്കിവിട്ടത്. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ആണ് ഇറക്കിവിട്ടത്. സ്‌കൂള്‍ വിട്ട് ആറ്റിങ്ങലിലെ കായിക പരിശീലന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വെഞ്ഞാറമൂടില്‍ നിന്നും സ്‌കൂള്‍ വിട്ട് ആറ്റിങ്ങലിലേക്കു ബസ് കയറിയതായിരുന്നു വിദ്യാര്‍ഥിനി. ഐ.ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറോട് പുതിയതായി അഡ്മിഷന്‍ എടുത്തതിനാല്‍ ഐ.ഡി ഇല്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. എന്നാല്‍ കാര്‍ഡില്ലാതെ കണ്‍സഷന്‍ അനുവദിക്കാനാവില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. തന്റെ കൈയില്‍ ആകെയുള്ളത് മൂന്നു രൂപയാണെന്ന് കുട്ടി കണ്ടക്ടറെ അറിയിച്ചു. തുടര്‍ന്ന് ആ മൂന്നു രൂപയും വാങ്ങി വച്ച് കുട്ടിയോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. മഴയും നനഞ്ഞ് പെണ്‍കുട്ടി റോഡില്‍ നിന്നു കരയുന്നതു കണ്ട നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത വെളിപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചതോടെ അവര്‍ വന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.