റായ്പൂര്‍: രണ്ടുഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ചത്തീസ്ഗഡില്‍ അവസാന ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, രാജ്ബബ്ബര്‍, നവജ്യോത് സിങ് സിദ്ദു തുടങ്ങി നിരവധി ദേശീയ നേതാക്കളാണ് രണ്ടാം ഘട്ട പ്രചാരണത്തിനെത്തിയത്. 72 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ബാധിത എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്ക് 12ന് വോട്ടെടുപ്പ് നടന്നിരുന്നു. ആദിവാസി മേഖലയായ സര്‍ജുഗയിലെ 14 മണ്ഡലങ്ങള്‍ രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ്.


മൂന്നാം മുന്നണിയുമായി രംഗത്തുള്ള അജിത് സിങിനും സ്വാധീനമുള്ള മേഖലയാണിത്. 2000ല്‍ സംസ്ഥാനം രൂപീകൃതമായതു മുതല്‍ ബി.ജെ.പിയുടെ ശക്തിദുര്‍ഗമായ മേഖലയില്‍ കോണ്‍ഗ്രസ് പതിയെ പിടിമുറുക്കിയിട്ടുണ്ട്. 2003ല്‍ മേഖലയില്‍ 10 സീറ്റുമായി ബി.ജെ.പി ബഹുദൂരം മുന്നിലെത്തിയപ്പോള്‍ 2008ല്‍ സീറ്റ് അഞ്ചാക്കി കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. 2013ല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും മേഖലയില്‍ നിന്നും ഏഴു വീതം സീറ്റുകളാണ് ലഭിച്ചത്.