ഭാരിച്ച ഫീസും മറ്റു ചെലവുകളും കാരണം നഴ്‌സിംഗ് പഠനമെന്നത് അപ്രായോഗികമായി കണക്കാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റോടെ നഴ്‌സിംഗ് പഠനത്തിനുള്ള ശ്രദ്ധേയമായ അവസരം ഉപയോഗപ്പെടുത്താം. സ്‌റ്റൈപ്പന്റിനു പുറമെ സൗജന്യ ഭക്ഷണവും യൂണിഫോമും, താമസവും ലഭിക്കും. മിലിറ്ററി നഴ്‌സിങ് സര്‍വീസിന്റെ ഭാഗമായുള്ള നാല് വര്‍ഷ ബിഎസ്.സി നഴ്‌സിംഗ് കോഴ്‌സിന്റെ കാര്യമാണ് പറഞ്ഞു വരുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് അവസരമുള്ളത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മിലിട്ടറി നഴ്‌സിങ് സര്‍വീസസില്‍ സ്ഥിരം/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്റെ ഭാഗമായി രാജ്യത്തെ സേവിക്കാനുമവസരമുണ്ട്.
പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളജ്, കൊല്‍ക്കത്തയിലെ കമാന്‍ഡ് ഹോസ്പിറ്റല്‍, അശ്വിനിയിലെ ഇന്ത്യന്‍ നാവികസേനാ ആശുപത്രി, ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റല്‍റിസര്‍ച്ച് ആന്‍ഡ് റഫറല്‍, ലഖ്‌നൗവിലെ കമാന്‍ഡ് ഹോസ്പിറ്റല്‍സെന്‍ട്രല്‍ കമാന്‍ഡ്, ബെംഗളൂരിലുള്ള വ്യോമസേനയുടെ കമാന്‍ഡ് ഹോസ്പിറ്റല്‍, എന്നിവയിലായി ആകെ 220 സീറ്റുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനശേഷം മിലിട്ടറി നഴ്‌സിംഗ് സര്‍വീസില്‍ സേവനം ചെയ്യണമെന്ന വ്യവസ്ഥയുണ്ടാവും.
അവിവാഹിതരോ വിവാഹമോചനം ലഭിച്ചവരോ നിയമപരമായി ബന്ധം വേര്‍പെടുത്തിയവരോ ബാധ്യതകളില്ലാത്ത വിധവകളോ ആയിരിക്കണം. ജനനം 1997 ഒക്ടോബര്‍ ഒന്നിനും 2005 സെപ്റ്റംബര്‍ 30നും (രണ്ടു ദിവസങ്ങളും ഉള്‍പ്പെടെ) ഇടയ്ക്കായിരിക്കണം. പ്ലസ്ടു/തുല്യപരീക്ഷ ആദ്യ ശ്രമത്തില്‍ ജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു തലത്തില്‍ ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 2022 ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കുമപേക്ഷിക്കാം.152 സെന്റീ മീറ്റര്‍ ഉയരം, മറ്റു മെഡിക്കല്‍ ഫിറ്റ്‌നസ് വ്യവസ്ഥകള്‍ എന്നിവയുമുണ്ട്.
പ്രവേശനം ആഗഹിക്കുന്ന വിദ്യാര്‍ഥിനികള്‍ മേയ് 31 നു മുമ്പായി https://joinindianarmy. nic.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. മെഡിക്കല്‍ പ്രവേശന പരീക്ഷയായ ‘നീറ്റ്(യുജി)2022’ പരീക്ഷ വഴി യോഗ്യത നേടണമെന്ന നിബന്ധനയുണ്ട്. നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കപ്പെട്ട ശേഷം സ്‌കോര്‍ മേല്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ‘നീറ്റ്’ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ജനറല്‍ ഇന്റലിജന്‍സ് & ജനറല്‍ ഇംഗ്ലീഷ് പരീക്ഷ, മന:ശാസ്ത്ര നിര്‍ണയ പരിശോധന, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുമുണ്ടാവും.പട്ടിക വിഭാഗക്കാര്‍ ഒഴികെ എല്ലാവരും 200 രൂപ പരീക്ഷാ ഫീസ് അടക്കണം. അപൂര്‍ണമായ അപേക്ഷകള്‍, ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കല്‍, അപേക്ഷാ ഫീസ് ഒടുക്കാതിരിക്കല്‍ എന്നീ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാനിടയുണ്ട്.
ഐ.ഐ.എസ്.സി പ്രവേശനത്തിന്
അപേക്ഷിക്കാം
ഇന്ത്യയിലെ ഏറ്റവും മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുന്‍നിരയില്‍ നിസ്സംശയമെണ്ണാവുന്ന ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തുന്ന നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്‌ലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാമിന് മേയ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെറ്റീരിയല്‍സ്, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്യാനുള്ള അവസരമാണുള്ളത്. എഞ്ചിനീയിറിംഗ്, ഹ്യുമാനിറ്റീസ്, ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങള്‍ എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഠന രീതിയാണുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ ഗവേഷണ കുതുകികള്‍ക്ക് ഉയര്‍ന്ന രീതിയില്‍ മുന്നേറാന്‍ അനുയോജ്യവുമായ രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഒരു വര്‍ഷം കൂടി തുടര്‍ന്ന് പഠിച്ച് ബിരുദാനന്തര ബിരുദ യോഗ്യത കൂടി നേടാനുമവസരമുണ്ട്.
ഐ.ഐ.എസ്.സി പ്രത്യേകമായി പ്രവേശന പരീക്ഷ നടത്തുന്നില്ലെങ്കിലും ദേശീയതല പരീക്ഷകളായ കെ.വി.പി.വൈ, ജെഇഇ മെയിന്‍ 2022, ജെഇഇ അഡ്വാന്‍സ്ഡ്2022, ‘നീറ്റ്'(യുജി)2022 എന്നിവയിലേതിലെങ്കിലും വഴി മികവ് തെളിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://iisc.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാമിന് പുറമെ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്ന ബി.ടെക് (മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിങ്) പ്രോഗ്രാമുമുണ്ട്. ഈ കോഴ്‌സിന് പ്രവേശനമാഗ്രഹിക്കുന്നവര്‍ ജെഇഇ അഡ്വാന്‍സ്ഡ്2022 വഴി യോഗ്യത നേടണം. അപേക്ഷ സമര്‍പ്പിക്കുവാന്‍ ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെ അവസരമുണ്ടാവും.
Be the first to write a comment.