പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം. പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോളിടെക്‌നിക്കുകളിലെ പഠന ശേഷം ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാര്‍ഥികള്‍ വേണ്ടത്ര പരിഗണിക്കുന്നത് കാണാറില്ല.

കേരള സര്‍ക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ റെയില്‍വേ, ബിഎച്ച്ഇഎല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ബിഎസ്എന്‍എല്‍, ഐടി കമ്പനികള്‍, നിര്‍മാണ, ഉദ്പാദന, മെയിന്റനന്‍സ് കമ്പനികള്‍ തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴിലവസരം നേടാവുന്നതാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റെഷന്‍ ബ്രാഞ്ചുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രായോഗിക തൊഴിലനുഭവങ്ങള്‍ കൂടി ആര്‍ജ്ജിച്ചെടുക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ നാടുകളിള്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാവും.

വിവിധ പഠനശാഖകള്‍ തിരഞ്ഞെടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറക്ക് അനുയോജ്യമായ ഹ്രസ്വകാല കോഴ്‌സുകളും മറ്റു പരിശീലനങ്ങളും നേടി തൊഴിലന്വേഷണത്തിന് വേണ്ട മുന്നൊരുക്കം നടത്താന്‍ പ്രത്യേകം ജാഗ്രത വേണം. നേരിട്ട് തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് പകരം നിബന്ധനകള്‍ക്ക് വിധേയമായി എന്‍ജിനീയറിങ് ബിരുദ കോഴ്‌സുകളിലെ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനമൊരുക്കുന്ന ലാറ്ററല്‍ എന്‍ട്രി, അസോസിയേറ്റ് മെമ്പര്‍ ഓഫ് ദി ഇസ്‌നറ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എഎംഐഇ) എന്നിവ വഴി ഉയര്‍ന്ന യോഗ്യതകള്‍ നേടി കുറേക്കൂടി മികച്ച ജോലികള്‍ നേടാനും ശ്രമിക്കാം. താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ മേഖലയില്‍ സംരഭകത്വവും പരിഗണിക്കാവുന്നതാണ്.

പത്താം തരം കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയിഡഡ്, സ്വാശ്രയ മേഖലകളിലായി നിലവിലുള്ള പോളിടെക്‌നിക്ക് കോളേജുകളില്‍ സിവില്‍. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, കെമിക്കല്‍, ബയോമെഡിക്കല്‍, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, പോളിമര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മന്റ്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ നിരവധി ബ്രാഞ്ചുകളിലായാണ് പഠനാവസരമുള്ളത്. കേള്‍വി പരിമിതരായ കുട്ടികള്‍ക്ക് മാത്രമായി കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയിറിംഗ് എന്നിവ പഠിക്കാന്‍ അവസരമുള്ള പോളിടെക്‌നിക്കുകളുമുണ്ട്. 2021 മുതല്‍ റോബോട്ടിക്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ ഫോറന്‍സിക്, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മേഖലയിലെ പഠനാവസരങ്ങള്‍ക്ക് പുറമെ ചില പോളിടെക്‌നിക്ക് കോളേജുകളില്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസസില്‍ ഡിപ്ലോമയുമുണ്ട്.

സാങ്കേതിക വിഭാഗത്തിലെ ഓരോ പ്രോഗ്രാമിലെയും 10 ശതമാനം സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. ഇതിനായി 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച പ്ലസ്ടു/ വിഎച്ച്എസ്ഇ, എന്‍സിവിടി/എസ്.സി.വി.ടി/കെജിസിഇ എന്നിവയിലേതെങ്കിലുമൊന്ന് പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.

എല്ലാ ബ്രാഞ്ചുകളും ഒരേ നിലവാരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നല്‍കുന്നതെന്ന തിരിച്ചറിവോടെ അവരവരുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും നോക്കി വിവേകത്തോടെ വേണം പഠനശാഖ തിരഞ്ഞെടുക്കാന്‍. ഓരോ ബ്രാഞ്ചും പഠിച്ചാലുള്ള തൊഴിലവസരങ്ങളും തുടര്‍ പഠന സാധ്യതകളും മനസ്സിലാക്കേണ്ടത്യാവശ്യമാണ്. ഉദാഹരണത്തിന് ആര്‍ക്കിടെക്ച്ചര്‍ ശാഖ തിരഞ്ഞെടുത്താല്‍ ലാറ്ററല്‍ എന്‍ട്രി വഴി ബി.ആര്‍ക്ക് കോഴ്‌സിന് പ്രവേശനം നേടാനാവില്ല എന്നതാദ്യമേ അറിയണം. സൈദ്ധാന്തികവും പ്രായോഗികവുമായ പഠനമേഖലകളില്‍ അവഗാഹം നേടുന്നതിനോടൊപ്പം ജോലി നേടാനാവശ്യമായ മത്സരപരീക്ഷകളിലെ മികവ് പുലര്‍ത്താനുള്ള തയ്യാറെടുപ്പ്, ആശയ വിനിമയ ശേഷി, ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലെ പരിജ്ഞാനം, നേതൃഗുണം എന്നിവയും പ്രധാനമാണെന്നത് മറക്കരുത്.

2022-23 വര്‍ഷത്തെ പ്രവേശന നടപടികള്‍ വിശദമാക്കുന്ന പ്രോസ്‌പെക്ടസ് www.polyadmission.org എന്ന വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പോളിടെക്‌നിക് കോളജിലും ലഭ്യമായ കോഴ്‌സുകളുടെ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ടാവും.