തിരുവനന്തപുരം: കശാപ്പ് നിരോധന വിവാദം മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മാധ്യമങ്ങള്‍ കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ പെരുമാറുന്നത് പരിതാപകരമാണെന്നും കുമ്മനം പറഞ്ഞു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്‍മാരും ഇതിന്റെ ചുവടു പിടിച്ചാണ് പ്രതികരണം നടത്തിയതെന്നും കുമ്മനം കുറ്റപ്പെടുത്തി.

മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്. ജമ്മു കശ്മീര്‍ അടക്കം 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്‌നമാണ്. രാജ്യത്തിന്റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും കടമയാണ്.

ആഗോള താപനം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാലി സമ്പത്തിന്റെ നാശം കാരണമാകുന്നുണ്ട്. കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്റെ ഉത്തരവ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്റെ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉദ്യേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്നും കുമ്മനം പ്രസ്ഥാവനയില്‍ പറഞ്ഞു.