ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങളടക്കം വെട്ടി മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ‘ഹാല്‍’ സിനിമ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയില്‍ ഹൈകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. നിര്‍ണായക ദൃശ്യങ്ങളും സംഭാഷണങ്ങളും നീക്കുന്നത് സിനിമയെ ബാധിക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരിഗണനയിലുള്ളത്.
വീര സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാല്‍. വിചിത്രമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. പത്തിലേറെ മാറ്റങ്ങള്‍ ആണ് ഹാല്‍ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങളും നീക്കം ചെയ്യണം. എന്നാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. സിനിമയില്‍ നായിക ഒരു റാപ്പ് സോങ്ങിന് പര്‍ദ്ദയിട്ട് ഡാന്‍സ് കളിക്കുന്നുണ്ട്. ആ പര്‍ദ്ദ ഉള്ള സീന്‍ കട്ട് ചെയ്യണം എന്നും നിര്‍ദേശമുണ്ട്.
സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബക്കര്‍, റിയാസ് നര്‍മകല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.