മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനും തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണാബുവില്‍ റയല്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയെ 3-1 ന് കശക്കിയപ്പോല്‍ അലയന്‍സ് അറീനയില്‍ ആര്‍സനലിനെ ബയേണ്‍ 5-1 നാണ് തകര്‍ത്തുവിട്ടത്.

എട്ടാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ കീലര്‍ നവാസിന്റെ പിഴവില്‍ നിന്ന് റയലിന്റെ പോസ്റ്റില്‍ പന്തെത്തിച്ച് ലോറന്‍സോ ഇന്‍സൈനെ നാപോളിക്ക് ലീഡ് നല്‍കിയിരുന്നെങ്കിലും 18-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കരീം ബെന്‍സേമ റയലിനെ ഒപ്പമെത്തിച്ചു. ഇടവേളക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 1-1 ആയിരുന്നു.

ഹാഫ്‌ടൈം കഴിഞ്ഞെത്തിയ ഉടന്‍ ടോണി ക്രൂസ് റയലിന് ലീഡ് നല്‍കി. 54-ാം മിനുട്ടില്‍ കാസമിറോ കൂടെ ലക്ഷ്യം കണ്ടതോടെ സന്ദര്‍ശകരുടെ മോഹങ്ങള്‍ പൊലിഞ്ഞു.

വെറ്ററന്‍ താരം ആര്‍യന്‍ റോബന്‍ ആണ് 11-ാം മിനുട്ടില്‍ ബയേണിനെ മുന്നിലെത്തിച്ചത്. 30-ാം മിനുട്ടില്‍ അലക്‌സി സാഞ്ചസ് ഗോള്‍ മടക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി, തിയാഗോ അല്‍കാന്ററ (രണ്ട്), തോമസ് മുള്ളര്‍ എന്നിവര്‍ ആതിഥേയര്‍ക്ക് വന്‍ ജയം സമ്മാനിച്ച് ഗോളുകള്‍ നേടി.