അബ്ദുല്‍ കരീം യു.കെ

സാധ്വി സരസ്വതിയുടെ വിദ്വേഷ പ്രസംഗവും അവർക്കെതിരെ പിണറായി പോലീസ് കേസെടുത്തതും, ഗുജറാത്ത് സ്പീക്കർ അംബേദ്കർ ബ്രാഹ്മണൻ ആണെന്നു പറഞ്ഞതും ത്രിപുര മുഖ്യമന്തി ബിപ്ലബ് ദേബിന്റെ വിവാദ പ്രസ്താവനകളും വിഷയമായ മൂന്നു ചാനൽ ചർച്ചകൾ കണ്ടു.

വിഷയത്തിൽ ‘ഇസ്ലാം’ അല്ലെങ്കിൽ മുസ്ലീം ഉള്ളപ്പോൾ, ലെറ്റർ ബോംബ് മുതൽ മുത്തലാഖ് വിഷയം വരെ ചർച്ച ചെയ്യുമ്പോൾ, തങ്ങളുടെ ആക്ഷേപങ്ങളും ആകുലതകളും ദേശീയ പ്രാധാന്യവും ഒക്കെ പറയാൻ ഒരു ബിജെപി / സംഘപരിവാർ പ്രതിനിധി ഇല്ലാത്ത ഒരു ചർച്ചയും ഇന്നേവരെ ഒരു ചാനലിലും ഉണ്ടായിട്ടില്ല. എന്നാൽ “ലൗജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ നൽകണമെ”ന്നും അയോധ്യയിൽ രാമക്ഷേത്രം പണിതാൽ “ഭാരത് മാതാ കീ ജെയ് വിളിക്കാൻ മടിക്കുന്നവർ ജയ്‌ശ്രീരാം വിളിക്കും” എന്നുമൊക്കെ മുസ്ലീങ്ങളെക്കുറിച്ച് നേരിട്ട് വിദ്വേഷ പ്രസംഗം നടത്തിയ വിഷയത്തിൽ ചർച്ച നടത്തിയ ഏഷ്യാനെറ്റിന് ഒരു മുസ്ലീം പ്രതിനിധിയേയും വിളിക്കാൻ തോന്നിയില്ല. മുസ്ലീങ്ങളുടെ ജീവിതം തന്നെ തങ്ങൾ തീരുമാനിക്കുന്നതാണ് എന്നു കരുതുന്ന മതേതര മാധ്യമങ്ങളിൽ നിന്നും അത് പ്രതീക്ഷിക്കാവുന്ന നിലപാടാണല്ലോ എന്ന് മനസ്സിലോർത്തു.

അതു കഴിഞ്ഞാണ് റിപ്പോർട്ടർ ടിവിയിലെ ചർച്ച കണ്ടത്. ഭാരതം ഗണിതത്തിനും ശാസ്ത്രത്തിനുമൊക്കെ നൽകിയ മഹത്തായ സംഭാവനകൾക്ക് ബിപ്ലവ് ദേബിന്റെ ‘മണ്ടത്തരങ്ങൾ’ മങ്ങലേൽപ്പിക്കും എന്ന കടുത്ത ആകുലതയോടെ നികേഷ് കുമാർ നടത്തിയ ചർച്ചയിൽ, ആ മഹത്വങ്ങൾ പ്രേക്ഷകർക്ക് ഓർമ്മിപ്പിക്കാനായി കൊണ്ടിരുത്തിയത് മലപ്പുറത്ത് മുസ്ലീങ്ങൾ പന്നികളെ പോലെ പെറ്റു കൂട്ടുന്നു എന്ന് ‘ശാസ്ത്രീയമായി’ പറഞ്ഞ ഡോ. എൻ ഗോപാലകൃഷ്ണനേയും, രാഹുൽ ഈശ്വറിനേയുമാണ്. ‘വേദിക് സയൻസി’ലെ ഗോപാലകൃഷ്ണന്റെ ജ്ഞാനമാണ് അദ്ദേഹത്തെ കൊണ്ടുവരാൻ കാരണമെന്ന് നികേഷ് പറയുന്നുണ്ട്. സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി റഫറൻസുകൾ നൽകി ഗോപാലകൃഷ്ണൻ നികേഷിനെ സഹായിക്കുന്നുണ്ട്. മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചർച്ചയിൽ പാക്കിസ്ഥാനിലെ ‘ഇസ്ലാമിക സയൻസും’ വിമർശിക്കപ്പെടണം എന്ന് എംബി രാജേഷും, ഏപ്രിൽ 16ലെ ഹർത്താലിലെ മുസ്ലീം തീവ്രവാദി സാന്നിധ്യം പറഞ്ഞുകൊണ്ടേ വേദിക് ശാസ്ത്രജ്ഞനും പോയുള്ളൂ.

അബ്ദുല്‍ കരീം യു.കെ

പീപ്പിൾ ടിവിയിൽ അംബേദ്കറെ ഗുജറാത്ത് സ്പീക്കർ ബ്രാഹ്മണൻ എന്നു വിളിച്ചതായിരുന്നു വിഷയം. ദളിത് പ്രതിനിധാനത്തിന് സണ്ണി കപിക്കാടുണ്ട്. സണ്ണിയുടെ യൂട്യൂബിലുള്ള പ്രസംഗങ്ങൾ കേട്ടു പഠിച്ച കാര്യങ്ങൾ അവതാരകൻ അജിംഷാദ് സണ്ണിയോട് തന്നെ അങ്ങോട്ട് പറഞ്ഞ് ‘വസ്തുതാപരമായി’ റെഫർ ചെയ്തു പോയന്റുകൾ ഉറപ്പിക്കുന്നു, “പാവവും നല്ലവനുമായ” അംബേദ്‌കർ എന്ന് ആവർത്തിച്ചും, അംബേദ്‌കർ അല്ലാതെ മറ്റൊരു ബുദ്ധിമാൻ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്ന രീതിയിലൊക്കെ രക്ഷാകർതൃത്വവും കാമ്പില്ലാത്ത പുകഴ്ത്തലുകളും വഴിഞ്ഞൊഴുകുന്ന അവതരണം. നികേഷ് എങ്ങനെയാണോ ഗോപാലകൃഷ്ണനേയും ‘വേദിക് സയൻസി’നേയും റഫറൻസ് ആക്കിയത്, അതു തന്നെയാണ് അജിംഷാദ് ദളിത് ജ്ഞാന റഫറൻസുകൾ ഉപയോഗിച്ചും ചെയ്തത്.

ഞാൻ വീണ്ടും ഏഷ്യാനെറ്റ് ചർച്ചയെ കുറിച്ച് തന്നെ ഓർത്തു. ഒരു മുസ്ലീം പ്രതിനിധി ഉണ്ടായിരുന്നെങ്കിലോ എന്ന്. ഇസ്ലാമോ മുസ്ലീങ്ങളോ ഇരകളാവുന്ന വിഷയങ്ങളിലെ പോലും ചർച്ചകളിൽ മുസ്ലീം പ്രതിനിധികൾ ഉണ്ടെങ്കിൽ വിമർശിക്കപ്പെടാതെ, വിചാരണ ചെയ്യപ്പെടാതെ പോവില്ല. പക്ഷേ ഗോപാലകൃഷ്ണന്റേയും രാജേഷിന്റേയും സണ്ണിയുടേയുമൊക്കെ ചർച്ചകളിലെ പ്രതിനിധാനത്തോട് താരതമ്യം ചെയ്യുമ്പോൾ മുസ്ലീം പ്രതിനിധാനങ്ങളുടെ ആ വിമത സ്ഥാനം അവരുടെ പ്രതിരോധത്തിന്റെ പ്രതിനിധാനം തന്നെയല്ലേ എന്നാണ് തോന്നിയത്. പുകഴ്ത്തലുകളേക്കാളും രക്ഷാകർത്വങ്ങളേക്കാളും അതുതന്നെയാണ് മുസ്ലീം രാഷ്ട്രീയത്തിന് വേണ്ടതും!