മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) സംസ്ഥാന സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു. 80 വയസായിരുന്നു.

1977ല്‍ സമസ്തയുടെ കീഴില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചതു മുതല്‍ ഇന്നുവരെ സംഘടനയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് കുഞ്ഞാപ്പു ഹാജി. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അനുചരനായാണ് തുടക്കം.

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിക്ക് ബീജവാപം നല്‍കിയതില്‍ പ്രധാനിയായിരുന്നു. കൂടാതെ പട്ടിക്കാട് ജാമിഅ നൂരിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന എന്നീ സ്ഥാപനങ്ങളുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു.

1971 മുതല്‍ പുലിക്കോട് മഹല്ല് സദനത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ് സ്ഥാനം വഹിച്ചു വരികയായിരുന്ന അദ്ദേഹം കോട്ടക്കല്‍ പ്രദേശത്തെ പ്രമുഖ കന്നുകാലി തോല്‍ കച്ചവടക്കാരനും കൂടിയാണ്.

കോട്ടക്കല്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 1995ലും 2005ലും നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പുലിക്കോട് വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ചു.

1940ല്‍ ചെമ്മുക്കന്‍ മുഹമ്മദ് കുട്ടി ഹാജിയുടെയും തയ്യില്‍ കുഞ്ഞായിശുമ്മയുടെയും മകനായാണ് ജനനം. മലപ്പുറം ചെമ്മങ്കടവ് സ്വദേശി പറവത്ത് മറിയുമ്മ ഹജ്ജുമ്മ ഭാര്യയാണ്. പതിനാല് മക്കളുണ്ട്. മുഹമ്മദ് സലീം, അബ്ദുല്‍ നാസര്‍, ഖാലിദ്, ഹംസത്ത്, ജാഫര്‍, അബ്ദുല്ല, ഉമറുല്‍ ഫാറൂഖ്, സിറാജ്, മുംതാസ്, ഫാത്തിമ, സലീഖ, റൈഹാനത്ത്, സൗദ, സുമയ്യ.