നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: പലവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിവെച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. യു.ഡി.എഫും എല്‍.ഡി.എഫും മാസങ്ങള്‍ക്ക് മുമ്പേ നടത്തിയ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എന്‍.ഡി.എ മുന്നണിയിലേയും ബി.ജെ.പിപിയിലേയും ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് നീണ്ടു പോയത്.
ബി.ജെ.പിക്കെതിരെ ചെങ്ങന്നൂരില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് ബി.ജെ.പി നേതൃത്വം കണ്‍വന്‍ഷന്‍ ഇത്രയും നീട്ടാനുള്ള പ്രധാന കാരണം. ദൂതന്മാര്‍ മുഖേനയും നേരിട്ടും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ കണ്‍വന്‍ഷന്‍ നടത്താനുള്ള ബി.ജെ.പി നീക്കം.
പി.സി തോമസിന്റെ കേരള കോണ്‍ഗ്രസും രാജന്‍ബാബുവിന്റെ ജെഎസ്എസും മാത്രമാണ് ബിജെപിക്കൊപ്പം അവശേഷിക്കുന്ന പ്രധാന ഘടകക്ഷികള്‍.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദുര്‍ബലമായ ഇരു പാര്‍ട്ടികളേയും പേരിന് മാത്രം ഒപ്പം നിര്‍ത്തി മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഒറ്റക്ക് നടത്തേണ്ട അവസ്ഥയിലാണ് ബി.ജെ.പി നേതൃത്വം ഇപ്പോഴുള്ളത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്യുന്ന ഇന്നത്തെ കണ്‍വന്‍ഷന്റെ അധ്യക്ഷനാകേണ്ടിയിരുന്നത് ബി.ഡി.ജെ.എസ് പ്രസിഡന്റും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ബി.ഡി.ജെ.എസിന്റെ ബഹിഷ്‌ക്കരണത്തിന്റെ പശ്ചാതലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക.

തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്തോറും ബി.ജെ.പി ക്യാമ്പിലെ നെഞ്ചിടിപ്പും വര്‍ദ്ധിക്കുകയാണ്. മുന്നണിയിലേയും ബി.ജെ.പിയിലേയും പ്രശ്‌നങ്ങള്‍ ശ്രീധരന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 42,000ത്തോളം വോട്ട് നേടിയ ശ്രീധരന്‍പിള്ളക്ക് ഇത്തവണ അത്രയും വോട്ട് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ നാണക്കേടാകും. മണ്ഡലത്തിലെ സംഘടിത വോട്ട് ബാങ്കായ എസ്എന്‍ഡിപിയുടെ പിന്തുണയുള്ള ബിഡിജെഎസിന്റെ നിസ്സഹകരണം ബിജെപിയുടെ വോട്ടില്‍ കാര്യമായ കുറവ് ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഒപ്പം മുരളീധര-കുമ്മനം പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ചെങ്ങന്നൂരില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ് കാര്യമായ ഇടപെടലുകള്‍ നടത്തുന്നത്. മറ്റു മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിക്കുന്നതായി ബിജെപി ക്യാമ്പില്‍ ആക്ഷേപമുണ്ട്.

മേഖല ജാഥകള്‍ക്കായി കുമ്മനം മണ്ഡലം വിട്ടതോടെ ബിജെപിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. വന്‍ തോതില്‍ പണമൊഴിക്കി ബിജെപി നടത്തുന്ന തെരഞ്ഞെടപ്പ് പ്രചരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അണികളുടെ പങ്കാളിത്തം നന്നേ കുറവാണ്. തിരുവന്‍വണ്ടൂര്‍ ഉള്‍പ്പെടെയുള്ള ബിജെപിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ കാര്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കുന്നതോടെ പ്രചരണ രംഗത്ത് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ പ്രാദേശിക നേതൃത്വം. ചെങ്ങന്നൂര്‍ പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ ബിജെപി നേതൃത്വം ഇപ്പോള്‍, കഴിഞ്ഞ തവണ ലഭിച്ച വോട്ടെങ്കിലും നേടി നാണക്കേട് ഒഴിവാക്കിയാല്‍ മതിയെന്ന അവസ്ഥയിലാണ്.