പട്‌ന: ബിഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ബിജെപിയുടെ താരപ്രചാരകനും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെതിരെ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വനിയമത്തിന്റെ പേരില്‍ ആദിത്യനാഥ് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് നിതീഷിനെ ചൊടിപ്പിച്ചത്. ഈ രാജ്യത്ത് കടന്നുകൂടിയവരെ തുരത്തുമെന്നായിരുന്നു യോഗി പറഞ്ഞത്. എന്നാല്‍ അസംബന്ധം പറയാനാണ് യോഗി ബീഹാറില്‍ എത്തിയതെന്നായിരുന്നു നിതീഷിന്റെ മറുപടി. ആരാണ് ഇത് പോലെയൊക്കെ സംസാരിക്കാന്‍ തയ്യാറാവുക. ഇത് അസംബന്ധം തന്നെയാണെന്നും നിതീഷ് പറഞ്ഞു.

ചിലയാളുകള്‍ അവരുടെ സിദ്ധാന്തം പ്രചരിപ്പിക്കാനാണ് ഇങ്ങോട്ട് വരുന്നത്. ആര് ആരെയാണ് ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നത്. ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇന്ത്യന്‍ എല്ലാവരുടേതുമാണ്. ഈ രാജ്യത്തുള്ള എല്ലാവരുടേതുമാണ് ഇന്ത്യയെന്നും നിതീഷ് പറഞ്ഞു. മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷമാണ് ഞങ്ങള്‍ എപ്പോഴും ഉണ്ടാക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കിഷന്‍ഗഞ്ചിലെ റാലിയില്‍ നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം മതസൗഹാര്‍ദവും സാഹോദര്യവും കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആളുകള്‍ മറ്റുള്ളവരെ തമ്മില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് പറഞ്ഞു.

അതേസമയം വര്‍ഗീയതയും മതേതരത്വവും ഒരുപോലെ വിളമ്പി നേട്ടമുണ്ടാക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്. മുസ് ലിം ഭൂരിപക്ഷ പ്രദേശമാണ് കിഷന്‍ഗഞ്ച് അവിടെ യോഗിയെ തള്ളിപ്പറയുന്നത് നിതീഷിന്റെ തന്ത്രമാണെന്ന് പ്രതിപക്ഷം പറയുന്നു. ഹൈന്ദവ ഭൂരിപക്ഷ മേഖലയില്‍ രാമക്ഷേത്രവും കശ്മീരും പൗരത്വവും പറഞ്ഞ് തീവ്രഹിന്ദുത്വം കളിക്കുകയും അതേസമയം ദളിത്-മുസ് ലിം മേഖലകളില്‍ നിതീഷിനെ ഇറക്കി മതേതരമുഖവും സൃഷ്ടിക്കുക എന്നതാണ് ബിജെപി പയറ്റുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.