Connect with us

kerala

14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്‌ലിം ലീഗ്‌

കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് മുസ്‌ലിം ലീഗിന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്.

Published

on

ലുഖ്മാന്‍ മമ്പാട്

മുവായിരത്തിലേറെ തദ്ദേശ അംഗങ്ങളുടെ മിന്നും ജയത്തോടെ മതേതര കേരളത്തിന്റെ ഹരിത സിംഹാസനത്തില്‍ നക്ഷത്ര ശോഭയോടെ മുസ്‌ലിം ലീഗ്‌ മുന്നേറുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് മുസ്‌ലിം ലീഗിന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്. ഇതാദ്യമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലും മെമ്പര്‍മാരുണ്ട് എന്നതാണ് ഇത്തവണ മുസ്‌ലിം ലീഗിന്റെ നേട്ടം. കഴിഞ്ഞ തവണ ഒരംഗം പോലുമില്ലാത്ത പത്തനംതിട്ട ജില്ല പോലും ഏഴ് അംഗങ്ങളെ സമ്മാനിച്ചു.
2148 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 300 ബ്ലോക്ക പഞ്ചായത്ത് അംഗങ്ങളും 51 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ഇത്തവണ മുസ്‌ലിം ലീഗിനുള്ളത്‌. 865 പുതിയ അംഗങ്ങളെ നേടാനായി എന്നതിനോടൊപ്പം കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും തൊട്ടു പിറകെ മൂന്നാം സ്ഥാനത്താണ് മുസ്‌ലിം ലീഗ്‌ എന്നതും ശ്രദ്ധേമയമാണ്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളുള്ള മുസ്്‌ലിംലീഗിന് ഒമ്പത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും അംഗങ്ങളുണ്ട്.
ജില്ല തിരിച്ച് മുസ്്‌ലിംലീഗ് നേടിയ അംഗങ്ങള്‍ ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ കഴിഞ്ഞ തവണ ലഭിച്ച അംഗങ്ങള്‍. 1) ആകെ 955 അംഗങ്ങളുള്ള കാസര്‍കോട്ട് (കഴിഞ്ഞ തവണ 196) 195 ഗ്രാമം, 26 ബ്ലോക്ക്, 4 ജില്ല, 38 മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ആകെ 263. 2) 1624 അംഗങ്ങളുള്ള കണ്ണൂരില്‍ (223) 175 ഗ്രാമം, 14 ബ്ലോക്ക്, 3 ജില്ല, 15 കോര്‍പ്പറേഷന്‍, 55 മുനിസിപ്പിലിറ്റി ഉള്‍പ്പെടെ ആകെ 262 അംഗങ്ങള്‍. 3) 106 അംഗങ്ങളുള്ള വയനാട്ടില്‍ (106) 136 ഗ്രാമം, 16 ബ്ലോക്ക്, 6 ജില്ല, 20 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 178. 4) 1903 അംഗങ്ങളുളള കോഴിക്കോട്ട് (384) 347 ഗ്രാമം, 39 ബ്ലോക്ക്, 6 ജില്ല, 14 കോര്‍പ്പറേഷന്‍, 91 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 497. 5) 2001 അംഗങ്ങളുള്ള മലപ്പുറത്ത് (1103) 1005 ഗ്രാമം, 159 ബ്ലോക്ക്, 23 ജില്ല, 269 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 1456. 6) 1636 അംഗങ്ങളുള്ള പാലക്കാട്ട് (171) 201 ഗ്രാമം, 20 ബ്ലോക്ക്, 4 ജില്ല, 37 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 262.
മലബാറില്‍ മാത്രമല്ല തിരുകൊച്ചിയിലും വലിയ നേട്ടമാണ് മുസ്്‌ലിംലീഗിനുണ്ടായത്. 7) തൃശ്ശൂര്‍ (കഴിഞ്ഞ തവണ 42) 68 ഗ്രാമം, 8 ബ്ലോക്ക്, 2 ജില്ല, 7 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 85. 8) എറണാകുളം (41) 52 ഗ്രാമം, 10 ബ്ലോക്ക്, 2 ജില്ല, 3 കോര്‍പ്പറേഷന്‍, 21 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 88. 9) ഇടുക്കി (20) 25 ഗ്രാമം, 2 ബ്ലോക്ക്, 8 മുനിസിപ്പല്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍. 10) ആലപ്പുഴ (13) 11 ഗ്രാമം, 1 ബ്ലോക്ക്, 6 മുനിസിപ്പല്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍. 11) കോട്ടയം (17) 9 ഗ്രാമം, 1 ബ്ലോക്ക്, 10 മുനിസിപ്പല്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍. 12) പത്തനംതിട്ട (0) 2 ഗ്രാമം, 1 ബ്ലോക്ക്, 4 മുനിസിപ്പല്‍ ഉള്‍പ്പെടെ 7 അംഗങ്ങള്‍. 13) കൊല്ലം (16) 13 ഗ്രാമം, 3 ബ്ലോക്ക്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍. 14) തിരുവനന്തപുരം (6) 9 ഗ്രാമം, 1 ജില്ലാ പഞ്ചായത്ത്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 13 അംഗങ്ങള്‍.
ഇടവേളക്ക് ശേഷം തലസ്ഥാന നഗരി കോര്‍പ്പറേഷനിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ചെന്നു മാത്രമല്ല, ഇതില്‍ പുത്തന്‍പള്ളിയില്‍ നിന്ന് ഷംല ടീച്ചര്‍ ജയിച്ചത് എസ്.ഡി.പി.ഐയെ പരാജയപ്പെടുത്തിയാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് സി.പി.എം. ബി.ജെ.പി നാലാമതും. ബീമാപള്ളിയില്‍ നിന്ന് മുസ്്‌ലിംലീഗിന്റെ സജീന ടീച്ചര്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയെ 3155 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്താനാണ് വീഴ്ത്തിയത്. എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിട്ടും ബി.ജെ.പി ഉള്‍പ്പെടെ എല്ലാ എതിരാളികള്‍ക്കും കൂടി മുസ്്‌ലിംലീഗ് നേടിയ വോട്ടില്‍ താഴെ മാത്രമാണ് ലഭിച്ചത്.
ഇടവേളക്ക് ശേഷം കൊല്ലം കോര്‍പ്പറേഷനിലേക്കും രണ്ടംഗങ്ങളെയും കൊച്ചി കോര്‍പ്പറേഷനിലേക്ക് 3 ഉം അംഗങ്ങളെ വിജയിപ്പിച്ച മുസ്്‌ലിംലീഗ് കോഴിക്കോട്ട് ഏഴില്‍ നിന്നാണ് 14 അംഗങ്ങളായി ഉയര്‍ത്തിയത്. ആകെ 100 ല്‍ താഴെ വോട്ടിനാണ് മൂന്ന് അംഗങ്ങള്‍ പരാജയപ്പെട്ടത്. കോര്‍പ്പറേഷനില്‍ യുഡിഎഫിന് ആകെ 294 വോട്ടുകള്‍ക്കാണ് ഏഴ് ഡിവിഷനുകള്‍ നഷ്ടപ്പെട്ട് ഭരണം നഷ്ടപ്പെട്ടത്. ചെലവൂര്‍ 17 വോട്ടുകള്‍ക്കും അരക്കിണര്‍ 19 വോട്ടുകള്‍ക്കും ചെറുവണ്ണൂര്‍ വെസ്റ്റില്‍ 22 വോട്ടുകള്‍ക്കും പുതിയങ്ങാടിയില്‍ 62 വോട്ടുകള്‍ക്കും പാളയത്ത് 73 വോട്ടുകള്‍ക്കും പൂളക്കടവില്‍ 92 വോട്ടുകള്‍ക്കുമാണ് യു.ഡി.എഫ് തോറ്റത്. പുതിയറയില്‍ ബിജെപിയോട് തോറ്റതാകട്ടെ വെറും 9 വോട്ടുകള്‍ക്കും.
സി.പി.എമ്മിന് പിറകില്‍ ഇവിടെ വലിയ രണ്ടാമത്തെ കക്ഷിയും മുസ്്‌ലിംലീഗാണ് 14 അംഗങ്ങള്‍ വീതമാണ് കോ്ണ്‍ഗ്രസ്സിനും മുസ്്‌ലിംലീഗിനുമുള്ളത്. ബി.ജെ.പിക്ക് 13ഉം. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ മലബാറില്‍ ഉജ്വല വിജയം നേടിയ മുസ്്‌ലിംലീഗിന്റെ തിരു കൊച്ചിയിലേയും മിന്നും പ്രകടനങ്ങള്‍ നടത്തിയ മുസ്്‌ലിംലീഗ് അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലും റെക്കോര്‍ഡ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇടവേളക്ക് ശേഷം ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലെ അധ്യക്ഷ പദവി ഉള്‍പ്പെടെ ഒട്ടേറെ ഹരിതാരവങ്ങള്‍ക്ക് കാതോര്‍ക്കാം.

….
ഒറ്റ നോട്ടത്തില്‍

മുസ്‌ലിംലീഗ് ആകെ: 3203
കഴിഞ്ഞ തവണ: 2338
വര്‍ധന: 865
ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍: 2148
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍: 300
ജില്ല പഞ്ചായത്ത് ഡിവിഷന്‍: 51
മുനിസിപ്പല്‍ വാര്‍ഡുകള്‍: 568
കോര്‍പറേഷന്‍ വാര്‍ഡുകള്‍: 34

kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; ഇടതുമുന്നണി യോഗം ഇന്ന്

ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തിയിരുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തിയിരുന്നു. തിരിച്ചടിയുടെ കാരണങ്ങളാകും യോഗത്തില്‍ ചര്‍ച്ചചെയുക. അതേസമയം തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് സിപിഎം. ശബരിമല സ്വര്‍ണക്കൊള്ള ബാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണെന്നും വ്യക്തമാക്കിയിരുന്നു. രാവിലെ പത്തരയ്ക്കാണ് യോഗം ചേരുക.

അതിനിടെ, എല്‍ഡിഎഫ് അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊല്ലം കോര്‍പറേഷനിലെ തോല്‍വി ഗൗരവപൂര്‍ണമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

പൊട്ടിത്തെറിച്ച് സി.പി.ഐ; തോല്‍പ്പിച്ചത് പിണറായി

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ തമ്മിലടി തുടങ്ങി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് സി.പി.ഐ. ഇല്ലെന്ന് സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ തമ്മിലടി തുടങ്ങി. സി.പി.എമ്മിനെതിരെ ആയുധമെടുത്ത് സി.പി.ഐ രംഗത്തെത്തിയത് മുന്നണിയെ കലുഷിതമാക്കും. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും ഫുള്‍ മാര്‍ക്ക് നല്‍കിയപ്പോള്‍ അതിനു വിരുദ്ധമായ നിരീക്ഷണമാണ് സി.പി.ഐ നേത്യയോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രിയെ അതിരൂക്ഷമായാണ് സി.പി.ഐ നേതാക്കള്‍ വിമര്‍ശിച്ചത്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നെന്നും തോല്‍വിക്ക് കാരണം പിണറായിയുടെ നടപടികളാണെന്നും സി.പി.ഐ പറയുന്നു. തീരുമാനങ്ങളെ ല്ലാം മുഖ്യമന്ത്രി ഏകപക്ഷീയമായി കൈക്കൊള്ളുന്നു. മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളമാകാന്‍ ശ്രമിക്കുന്നു. മുന്നണിയില്‍ ആലോചിച്ചല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എല്‍.ഡി.എഫില്‍ കൂട്ടായ ചര്‍ച്ച ഒരുഘട്ടത്തിലും നടന്നിട്ടില്ലെന്നും സി.പി.ഐ തുറന്നടിച്ചു. മുന്നണിയിലെ രണ്ടാംകക്ഷിയുടെ വിമര്‍ശനങ്ങള്‍ ഇങ്ങനെ തുടരുന്നത് എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ സൂചനയാണ്. സമ്പൂര്‍ണ തോല്‍വിയിലും പാര്‍ട്ടിയുടെ അടിത്തറ ഭദ്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതിനു പിന്നാലെയാണ് സി.പി.ഐ നേതാക്കള്‍ പൊട്ടിത്തെറിച്ചത്.

അതേസമയം രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിനിടെ മുതിര്‍ന്ന നേതാവ് തോമസ് ഐസക്കിന്റെ പരോക്ഷ വിമര്‍ശനവും സി.പി.എം കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറക്കുന്നത്. വര്‍ഷങ്ങളായി ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങളെ ത മ്മിലടിപ്പിച്ചും പ്രീണിപ്പിച്ചും നടത്തിയിരുന്ന അഭ്യാസങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെന്നാണ് ഐസക്ക് തുറന്നെഴുതിയത്. വോട്ട് തട്ടുന്നതിന് വേണ്ടി മാത്രമാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും അയ്യപ്പ സംഗമവും നടത്തിയതെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഐസക്ക്. ‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഫലസ്തീന്‍ ഐക്യദാര്‍ ഢ്യ കാമ്പയിന്‍ ഏറ്റവും ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. ‘ഇടത് ഹിന്ദുത്വ’യെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് എന്തു കൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയുന്നത്, അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ’ എന്ന് പരിശോധിക്കണമെന്നാ ണ് ഐസക്കിന്റെ പക്ഷം.

ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ വാളോങ്ങും. പി.എം ശ്രീ അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും സജീവമാക്കുമെന്നാണ് സൂചന. കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണിക്കുള്ളിലെ കലാപം കൂടി താങ്ങാനുള്ള ശേഷി സി.പി.എമ്മിനുണ്ടാകില്ല.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.

Continue Reading

Trending