തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ തുണച്ച് സിപിഎം. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സിപിഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവെയ്‌ലബില്‍ സെക്രട്ടേറിയേറ്റ് യോഗമാണ് ഇത്തരമൊരു നീരീക്ഷണം നടത്തിയത്.

ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെയായിരുന്നു ഇഡി റെയ്ഡിനെത്തിയത്. രാത്രിയോടെ റെയ്ഡ് പൂര്‍ത്തിയായെങ്കിലും മഹസര്‍ ഒപ്പിടുന്നതിന് സംബന്ധിച്ച് തര്‍ക്കം മൂലം റെയ്ഡ് നീളുകയായിരുന്നു. ഇന്ന് രാവിലെ ബിനീഷിന്റെ ബന്ധുക്കള്‍ എത്തി പ്രതിഷേധിച്ചതോടെയാണ് കുടുംബത്തെ ഇഡി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്.

അതേസമയം ബിനീഷിനെതിരെയുള്ള ഇഡിയുടെ നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേസില്‍ ഇടപെടില്ലെന്ന് പറയുന്നതിനിടെ തന്നെയാണ് അറസ്റ്റും തുടര്‍നടപടികളും രാഷ്ട്രീയപ്രേരിതമെന്നാരോപിച്ച് പ്രതിഷേധിക്കുകയും ചെയ്യുന്നത്.