തമിഴ്‌നാടിന്റെ തീരജില്ലകളില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഴക്കെടുതിയില്‍ ഇന്നലെയും ആളുകള്‍ മരിച്ചതോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു.ab5c15ee99cf6357cb4ed7df00e54025624acbfd-tc-img-preview

ഇന്നലെ കാലത്ത് നേരിയ ശമനമുണ്ടായെങ്കിലും ഉച്ചയോടെ മഴ തിരിച്ചെത്തിയതിനാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. ചെന്നൈ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. വീടുകളിലും ഫ്‌ളാറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മഴക്കെടുതിയില്‍ ഇന്നലെ മാത്രം എട്ടുപേര്‍ മരിച്ചതായാണ് വിവരം. ചെന്നൈ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മൈലാപ്പൂര്‍, ഫോര്‍ഷോര്‍ എസ്‌റ്റേറ്റ്, താംബരം, ക്രോംപേട്ട്, പല്ലവാരം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. 105 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. വൈദ്യുതി ബന്ധം അറ്റതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളിയാഴ്ച രാത്രി മുതല്‍ ഇരുട്ടിലാണ്. അടിയന്തര അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്നു വരെയുള്ള ദിവസങ്ങളില്‍ പതിവിനേക്കാള്‍ 97 ശതമാനം കൂടുതല്‍ മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനം ശക്തമാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വവും ഇന്നലെ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.വെള്ളക്കെട്ട് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ചെന്നൈ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. കനാലുകളും ഓടകളും തടസ്സപ്പെടുത്തിയുള്ള അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കുന്നതിന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ട്. മഴയെതുടര്‍ന്ന് അണ്ണാ യൂണിവേഴ്‌സിറ്റിയും മദ്രാസ് യൂണിവേഴ്‌സിറ്റിയും വെള്ളിയാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തീരജില്ലകളിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
കനത്ത വെള്ളക്കെട്ട് റോഡ്, റെയില്‍ ഗതാഗതങ്ങളേയും ബാധിച്ചിട്ടുണ്ട്. പലിയടങ്ങളിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.