ആലപ്പുഴ : അധികാരത്തില്‍ തുടരാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇടത് സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് വ്യാജവോട്ട് ചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയാണ്. വ്യാജ പ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. വ്യാജവോട്ട് വിഷയത്തില്‍ കോടതി ഇടപെടല്‍ മാത്രം പോര. ജനാധിപത്യം സംരക്ഷിക്കാന്‍ ജനകീയ ഇടപെടല്‍ ഉണ്ടാവണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘വ്യാജവോട്ട് വിഷയം തിരഞ്ഞടുപ്പ് കമ്മീഷന്‍ കൂടുതല്‍ ഗൗരവമായെടുക്കണം. വ്യക്തമായ തിരഞ്ഞെടുപ്പ് അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് തടയാനുള്ള പ്രാഥമിക ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ആ ബാധ്യത നിറവേറ്റി കുറ്റമറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ ഇനിയെങ്കിലും കമ്മീഷന്‍ ശ്രമിക്കണം. 4,34000 വ്യാജ വോട്ടര്‍മാരുടെ തെളിവ് താന്‍ കൊടുത്തു. കമ്മീഷന്‍ കണ്ടെത്തിയത് 38,586 പേരെ മാത്രമാണ്. ഇതൊരു കാര്യക്ഷമമായ നടപടിയല്ല. വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം, ചെന്നിത്തല പറഞ്ഞു.

‘കോടതി ഇടപെടല്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ല. കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച സൈറ്റില്‍ കയറി എല്ലാവരും തങ്ങളുടെ പേരില്‍ കള്ളവോട്ടില്ല എന്ന് ഉറപ്പ് വരുത്തണം. സര്‍ക്കാരിനെതിരേ നിലനില്‍ക്കുന്ന ജനവികാരത്തെ ഇത്തരം വ്യാജ വോട്ടിലൂടെ അട്ടിമറിക്കാന്‍ ഉള്ള സാധ്യത കണ്ടാണ് വോട്ടര്‍ പട്ടിക പരിശോധിച്ചത്. ഇത്തവണ കള്ളവോട്ട് ജനങ്ങള്‍ തടയും. യഥാര്‍ഥ ജനവിധി ഉണ്ടാവും. കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒറ്റപ്പെട്ട തെറ്റുകള്‍ വന്നിട്ടുണ്ടാവാം.

സ്പിങ്ക്ളര്‍ ഉള്‍പ്പടെയുള്ള കമ്പനികളിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് കൃത്രിമമായ പ്രതിച്ഛായ സൃഷ്ടിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. ഊതിപ്പെരുപ്പിച്ച് ഉണ്ടായ ബലൂണുകള്‍ പൊട്ടിയിരിക്കുകയാണ്. ആഴക്കടല്‍ കരാറില്‍ ജനങ്ങളെ വഞ്ചിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ കരാര്‍ റദ്ദാക്കാതെയാണ് റദ്ദാക്കി എന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. എം.ഒ.യു റദ്ദാക്കിയതായുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇന്ന് ഇറങ്ങണമെന്ന് താന്‍ ആവശ്യപ്പെടുകയാണ്. നോട്ട് മാത്രം കാണിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാന്‍ സാധിക്കില്ല. ധാരണപത്രം ഉറപ്പിട്ടത് കെ.എസ്.ഐ.ഡി.സി ആണ് എന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. സര്‍ക്കാരിന്റെ കള്ളങ്ങള്‍ ഓരോ ദിവസവും പൊളിയുകയാണ്’. ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.