ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കൊമ്മൊഡോര്‍ ലോകേഷ് ബത്രയാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളില്ലാത്ത വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാഥുര്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആദ്യം ഇത്തരത്തില്‍ ഏതെങ്കിലും ഒരു ഫയല്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
മോദിയുടെ വിദേശയാത്രാ ചിലവുകള്‍ കൃത്യമായി മനസിലാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലോകേഷ് ബത്ര വ്യക്തമാക്കിയിട്ടുണ്ട്. ഇത് വളരെയധികം പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ലോകേഷ് ബത്ര ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് കോടി രൂപ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് ചെലവാകുന്നതായും ഇത് പൊതുജനങ്ങളുടെ പണമാണെന്നും ബത്ര പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരുടെ വിദേശ യാത്രാ വിവരങ്ങളും ലോകേഷ് ബത്ര തേടിയിട്ടുണ്ട്. 2014 ജൂണ്‍ 15 മുതല്‍ 2016 സെപ്തംബര്‍ എട്ട് വരെയുള്ള പ്രധാനമന്ത്രിയുടെ യാത്രകളുടെ പണം അടച്ചുവരികയാണെന്നാണ് പി.എം.ഒ വെബ്‌സൈറ്റില്‍ കാണുന്നതെന്ന് ലോകേഷ് ബത്ര പറയുന്നു.
സെപ്തംബര്‍ 13ന് വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴായിരുന്നു ഇത്. എയര്‍ ഇന്ത്യക്ക് ഇത്തരത്തില്‍ പണം നല്‍കുന്നത് വൈകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ഇത്തരം കാര്യങ്ങളില്‍ പരിഷ്‌കരണം ആവശ്യമാണ്. എന്നാല്‍ ബത്ര ആവശ്യപ്പെട്ട വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ആര്‍ .ടി. ഐ നിയമത്തിന്റെ എട്ട് (1), (ജി) വകുപ്പുകള്‍ പ്രകാരം വിവരാവകാശ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നതാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം അപേക്ഷ തള്ളുകയായിരുന്നു.
ബത്ര ആവശ്യപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയുടെ സുരക്ഷ, പരമാധികാരം, അഖണ്ഡത, രാജ്യതാല്‍പര്യങ്ങള്‍ തുടങ്ങിയവയെ എല്ലാം ദോഷകരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെടുന്നു.