ഗോളടി യന്ത്രം എര്‍ലിങ് ഹാളണ്ടുമായുള്ള കരാര്‍ പത്ത് വര്‍ഷത്തേക്ക് കൂടെ നീട്ടി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി. താരം 2034 വരെ സിറ്റിയില്‍ തുടരും. 2027 ജൂണില്‍ താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് നീണ്ട കാലത്തേക്ക് കരാര്‍ നീട്ടുന്നതായി ക്ലബ്ബ് പ്രഖ്യാപിച്ചത്.
2022- ലാണ് ജര്‍മന്‍ ക്ലബ്ബായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഹാളണ്ട് ഇത്തിഹാദില്‍ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിറ്റിയുടെ അവിഭാജ്യ ഘടകമായി മാറാന്‍ താരത്തിനായി. 126 മത്സരങ്ങളില്‍ സിറ്റിയുടെ നീലക്കുപ്പായമണിഞ്ഞ 24 കാരന്‍ 111 തവണ വലകുലുക്കി. അരങ്ങേറ്റ സീസണില്‍ തന്നെ ട്രെബിള്‍ കിരീട നേട്ടം സിറ്റിക്ക് സമ്മാനിക്കാന്‍ ഹാളണ്ടിനായി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഹാളണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിലും പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ഹാളണ്ടിനെ തേടിയെത്തിയിരുന്നു. കുറേക്കാലം കൂടി സിറ്റിയുടെ നീലക്കുപ്പായം അണിയാനാവുന്നത് അഭിമാനകരമായ നേട്ടമാണെന്ന് ഹാളണ്ട് പറഞ്ഞു.