കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തെ മാലിന്യത്തില്‍ നിന്നും വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി ഡോ. എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മിഷന്‍ കോഴിക്കോട് പദ്ധതി ആരംഭിക്കുന്നു. ശുദ്ധജലം കിട്ടാക്കനിയാകുമ്പോഴും ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളും മറികടക്കാനായി നാളെയുടെ നല്ല ഭാവിക്കായിട്ടാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ‘ശുദ്ധി’ സമ്പൂര്‍ണ മാലിന്യമുക്തം പദ്ധതി പ്രഖ്യാപനവും ചാലപ്പുറം മാതൃകാ ശുദ്ധി വാര്‍ഡ് പ്രഖ്യാപനവും നാളെ നടക്കും. വൈകുന്നേരം 4.30 ന് ചലച്ചിത്ര താരം പത്മപ്രിയ ശുദ്ധി പ്രഖ്യാപനം നടത്തും. കല്ലായി റോഡ് പുഷ്പ തിയേറ്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ചലച്ചിത്ര താരങ്ങളായ ജോയ് മാത്യു, വിനോദ് കോവൂര്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ സംബന്ധിക്കും. പിന്നണി ഗായിക അപര്‍ണ നയിക്കുന്ന ഗസല്‍ സന്ധ്യയും പരിപാടിയോടനുബന്ധിച്ച് നടക്കും. ഇതോടനുബന്ധിച്ച് രാവിലെ പത്ത് മണി മുതല്‍ ഗ്രൗണ്ടില്‍ മാലിന്യ സംസ്‌കരണ മാതൃകകളുടെ എക്‌സിബിഷന്‍ നടക്കും.

കോഴിക്കോട് കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവരും മൈത്ര ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സര്‍വ്വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്ന് റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി പ്രതിനിധികള്‍, ജി.എം.ഐ, എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി വിഭാഗം, മറ്റ് സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഉപകരണങ്ങള്‍ നല്‍കിയും അജൈവ മിലന്യങ്ങള്‍ കൃത്യമായി വീടുകളില്‍ നിന്ന് ശേഖരിച്ചും സമ്പൂര്‍ണ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് ശുദ്ധി. ഓരോ വാര്‍ഡിനെയും പ്രത്യേകം സോണുകളായി തിരിച്ച് വാര്‍ഡുകളില്‍ ഏരിയാതല സമിതി രൂപീകരിച്ച് സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് പ്രത്യേക പരിഗണന നല്‍കി പദ്ധതിയുടെ ഭാഗമായി നവീകരിക്കും. കല്ലായി പുഴയുടെ നവീകരണത്തിനും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കണ്‍വീനര്‍ സി.ടി സക്കീര്‍ ഹുസൈന്‍, കെ മൊയ്തീന്‍കോയ, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.