ഡല്‍ഹി: പുതുവര്‍ഷ ആഘോഷത്തിന് പണം നല്‍കാത്തതിന്റെ പേരില്‍ 73കാരിയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു.

കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. അയല്‍വാസികള്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു 73കാരി സതീഷ് ജോളി. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു.

വീടിന്റെ താഴത്തേ നിലയിലാണ് സതീഷ് ജോളി താമസിച്ചിരുന്നത്. ഒന്നാമത്തെ നിലയില്‍ മൂത്ത മകനാണ് താമസിക്കുന്നത്. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് മൂത്ത മകന്‍ കഴിയുന്നത്.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൂത്ത മകന്റെ മകനായ കരണ്‍ അമ്മൂമ്മയോട് പണം ആവശ്യപ്പെട്ടു. ഇവര്‍ പണം നല്‍കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് സതീഷ് ജോളിയെ കൊന്നു എന്നതാണ് കേസ്. തുടര്‍ന്ന് 18000 രൂപ മോഷ്ടിച്ച് കരണ്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ മൂത്തമകന്‍ താഴെ വന്ന് നോക്കുമ്പോഴാണ് സംഭവം കണ്ടത്. വാടകയ്ക്ക് എടുത്ത ചുറ്റിക ഉപയോഗിച്ചാണ് കരണ്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയാണ് കരണ്‍.