Connect with us

kerala

കൊക്കോണിക്‌സ് മൂലം കെല്‍ട്രോണിന് നഷ്ടം 2.25 ഏക്കര്‍ ഭൂമി

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് തുടത്തിയ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് പദ്ധതി കൊക്കോണിക്‌സ് മൂലം കെല്‍ട്രോണിന് നഷ്ടപ്പെട്ടത് 2.25 ഏക്കര്‍ ഭൂമി. ലാപ്‌ടോപ്പ് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നേറ്റ സ്വകാര്യ കമ്പനിയുടെ കയ്യിലാണ് ദശകോടികള്‍ മതിക്കുന്ന ഭൂമി ചെന്നുപെട്ടത്. ജനുവരിയില്‍ പുറത്തിറക്കിയ ലാപ്‌ടോപ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

പ്രതിവര്‍ഷം ഒരു ലക്ഷം എന്ന കണക്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ലാപ്‌ടോപ്പ് വാങ്ങേണ്ടി വരുമെന്ന കണക്കുകളുടെ അടിസ്ഥാാനത്തിലായിരുന്നു പദ്ധതി. ഇതിന് യുഎസ്ടി ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നിവരും സ്റ്റാര്‍ട്ടപ്പ് ക്മ്പനിയും ചേര്‍ന്ന് സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവല്‍ക്കരിച്ചിരുന്നു. പൂര്‍ണ്ണമായും യുഎസ്ടി ഗ്ലോബലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാാപനത്തിനായി മണ്‍വിളയിലെ കെല്‍ട്രോണിന്റെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മ്മാണശാലയും 2.25 ഏക്കര്‍ സ്ഥലവുമാണ് കൈമാറിയത്. കെട്ടിടങ്ങള്‍ കോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെല്‍ട്രോണിന് വാടകയായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും വീഴ്ച്ച വന്നിട്ടുണ്ട്.

പദ്ധതിക്കായി സര്‍ക്കാര്‍ ഗാരന്റിയില്‍ കോടിക്കണക്കിന് രൂപ കെഎസ്‌ഐഡിസിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല്‍ വിപണിയിലിറക്കി ഏഴുമാസം കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് ലഭ്യമാവുന്നില്ല. സ്‌കൂളിലേക്കടക്കം കമ്പ്യൂടട്ടര്‍ നല്‍കിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു കമ്പനികളുടേതായിരുന്നു. കെല്‍ട്രോണ്‍ ജീവനക്കാര്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും കൊക്കോണിക്‌സിനൊപ്പം വില്‍പ്പനക്കുവെച്ച ലെനോവ ലാപ്‌ടോപ്പാണ് ഭൂരിപക്ഷം ആലുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളേക്കാള്‍ വിലയായതും വിനയായി.

പ്രതിവര്‍ഷം 2.5 ലക്ഷം ലാപ്‌ടോപ്പ് നിര്‍മ്മിക്കാനുള്ള ശേഷിയിലാണ് കെല്‍ട്രോണിന്റെ സ്ഥലം നവീകരിച്ചത്. മുന്‍ ഐടിസെക്രട്ടറി ശിവശങ്കറിന്റെ സ്വപ്‌നമായി അവതരിപ്പിച്ച പദ്ധതി വിശദീകരിക്കാന്‍ വിളിച്ച തൊഴിലാളി യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ഇന്ത്യയില്‍ ആദ്യമായി ചിപ്പ് അസംബ്ലി അടക്കം സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണമാണ് മണ്‍വിളയില്‍ നടത്തുക എന്നറിയിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കൂ്ട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂട്ടുസംരംഭമാണെങ്കിലും കെല്‍ട്രോണില്‍ നിന്ന് ഒരാളെപ്പോലും കൊക്കോണിക്‌സിലേക്ക് നിയോഗിച്ചിട്ടില്ല. കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ കെല്‍ട്രോണിന് ശേഷിയുണ്ടെന്നിരിക്കെ എന്തിന് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ചെന്ന ചോദ്യവും ഉയരന്നുണ്ട്.

 

kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം

സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

Published

on

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Continue Reading

kerala

കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

Published

on

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending