Connect with us

india

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കും

2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും കൂടി നേടിയത് 76 സീറ്റാണ്.

Published

on

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിക്കും. ഇതു സംബന്ധിച്ച ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചു. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രജ്ഞന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബറില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയ്ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകുന്നതില്‍ സിപിഎം നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും കൂടി നേടിയത് 76 സീറ്റാണ്. മുപ്പത്തിയെട്ട് ശതമാനം വോട്ടു വിഹിതവും നേടി. ഇടതിന് 26 ശതമാനം വോട്ടും കോണ്‍ഗ്രസിന് 12 ശതമാനവും വോട്ടുകിട്ടി. 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 44 സീറ്റുകളാണു നേടിയത്. 148 സീറ്റില്‍ മത്സരിച്ച സിപിഎം ജയിച്ചത് 26 സീറ്റിലും. സിപിഐ മത്സരിച്ച 11ല്‍ ഒരു സീറ്റിലും ജയിച്ചു. 291 സീറ്റില്‍ മത്സരിച്ച ബിജെപി ജയിച്ചത് മൂന്നു സീറ്റിലാണ്. ആര്‍എസ്പി 3 സീറ്റു നേടി. 211 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം സ്വന്തമാക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ഔദ്യോഗിമായി ധാരണയിലെത്താന്‍ ഇരുകക്ഷികള്‍ക്കും ആയിരുന്നില്ല. ലോക്‌സഭയില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായിരുന്നില്ല. 39 സീറ്റില്‍ കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് രണ്ടു സീറ്റിലാണ് ജയിച്ചത്. 38 ഇടങ്ങളില്‍ കെട്ടിവച്ച കാശ് നഷ്ടമായി. 42 ലോക്‌സഭാ സീറ്റുകളില്‍ 18 ഇടത്ത് ബിജെപി ജയിച്ചിരുന്നു. ഭരണകക്ഷിയായ തൃണമൂലിന് 22 സീറ്റാണ് കിട്ടിയിരുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് നിര്‍മല സീതാരാമന്‍; ആഗോള പ്രതിഭാസമെന്ന് പ്രതികരണം

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

Published

on

രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡോളറിനെതിരെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്‌നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. റീടെയില്‍ പണപ്പെരുപ്പം കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ക്രമാതീതമായി ഉയരില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മൂലധനച്ചെലവുകള്‍ വെട്ടിച്ചുരുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക, ഗ്രാമീണമേഖല, നഗരവികസനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മൂലധനച്ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. വലിയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.

ആഗോള സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികള്‍ നിറഞ്ഞുനിന്നിരുന്നു. ഇത് ബജറ്റ് ഒരുക്കങ്ങളേയും വെല്ലുവിളിനിറഞ്ഞതായി മാറ്റിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

Continue Reading

india

മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നരേന്ദ്ര മോദി

രാഷ്ട്രീയം,സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്

Published

on

ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡുകള്‍ എഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതൊരാള്‍ക്കും ഉപയോഗിക്കാവുന്നതും ജനാധിപത്യപരവുമായ സാങ്കേതികവിദ്യകള്‍ക്കും പക്ഷപാതരഹിതമായ വിവരങ്ങള്‍ക്കും മോദി ആഹ്വാനം ചെയ്യുകയും നവീകരണവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക ഭരണത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പാരീസില്‍ നടക്കുന്ന എഐ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

രാഷ്ട്രീയം,സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെയെല്ലാം എഐ മാറ്റിമറിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് എഐ. എന്നാല്‍, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റു നാഴികകല്ലുകളില്‍നിന്ന് വ്യത്യസ്തമാണ് എഐ. മറ്റേത് ടെക്‌നോളജിയേക്കാളും അതിവേഗത്തിലാണ് ഇതിന്റെ വളര്‍ച്ച സംഭവിക്കുന്നത്. എഐയുടെ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണം. വ്യവസായം, കാര്‍ഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെല്ലാം എഐ മാറ്റിമറിക്കും. എന്നിരുന്നാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിയെ ബാധിക്കില്ല. അതിന്റെ വ്യാപനം ഉണ്ടാവുമ്പോള്‍ പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.- മോദി പറഞ്ഞു.

എഐയുടെ വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി വലിയ ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുകയാണ്. കമ്പ്യൂട്ടിംഗ് പവര്‍ പോലുള്ള കാര്യങ്ങള്‍ക്കായി രാജ്യത്ത് സവിശേഷമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

Continue Reading

india

കുംഭമേളയിലെ ഗതാഗതക്കുരുക്ക്; മാഘി പൂര്‍ണിമ സ്‌നാനിന് മുന്നോടിയായി വാഹന നിരോധന മേഖല പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

Published

on

മഹാകുംഭമേളയോട് അനുബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന മാഘി പൂര്‍ണിമ സ്‌നാന്‍ ആഘോഷത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. മഹാകുംഭ പ്രദേശം മുഴുവന്‍ ‘വാഹന നിരോധന മേഖല’യായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം തീര്‍ഥാടകര്‍ പലയിടത്തും 30 മണിക്കൂറിലധികം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്.

ഇന്നലെ 300 കിലോമീറ്റര്‍ ദൂരത്തില്‍ ഉണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍ മഹാ കുംഭമേളയ്ക്കായി പ്രയാഗ്‍രാജിലേക്ക് പോകുന്ന ആയിരക്കണക്കിന് ഭക്തര്‍ കുടുങ്ങിയിരുന്നു. കഴിയുമെങ്കില്‍ പിന്തിരിയാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

മാനേജ്മെന്റിലെ പിഴവുകൊണ്ടല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യസമൂഹത്തിന് സാക്ഷ്യം വഹിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണമാണ് ഗതാഗത പ്രശ്‌നങ്ങളുണ്ടായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ജനുവരി 13 ന് മഹാ കുംഭമേള ആരംഭിച്ചതിനുശേഷം 40 കോടിയിലധികം ഭക്തര്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയിട്ടുണ്ടെന്നും , ഇപ്പോഴും എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്നുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘മാഘി പൂര്‍ണിമ സ്‌നാന്‍’ കാണാന്‍ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിച്ചാണ് മഹാ കുംഭ ജില്ലാ ഭരണകൂടം ഗതാഗത പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Continue Reading

Trending