ന്യൂഡല്‍ഹി: ഗുജറാത്ത് മോഡലില്‍ കര്‍ണാടകയിലും പര്യടനം നടത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അടുത്ത മാസം പത്തു മുതല്‍ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ അദ്ദേഹം പര്യടനം നടത്തും.
കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കര്‍ണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ, പി.സി.സി പ്രസിഡന്റ് ജി.പരമേശ്വര, മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ബി.കെ ഹരിപ്രസാദ് തുടങ്ങിയവരും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് എന്നിവരും പങ്കെടുത്തു.
‘നാവു പിഴക്കരുത്’ എന്ന് രാഹുല്‍ യോഗത്തില്‍ നേതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കി. സദ്ദുശ്യത്തോടെ പറയുന്ന കാര്യങ്ങള്‍ പോലും എന്തെങ്കിലും പിഴവു സംഭവിച്ചാല്‍ പാര്‍ട്ടിക്കു മൊത്തം ക്ഷീണമുണ്ടാക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിക്കെതിരെ മണി ശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്.