ദുബൈ: യു.എ.ഇയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ. വ്യാഴാഴ്ച 491 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 402 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ ആരും മരണത്തിന് കീഴടങ്ങിയിട്ടില്ലെന്ന് രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 68,043 കോവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതുവരെ അറുപത് ലക്ഷത്തിലേറെ പേരെയാണ് രാജ്യത്ത് കോവിഡ് പരിശോധയ്ക്ക് വിധേയമാക്കിയത്. 378 പേരാണ് ഇതുവരെ മരിച്ചത്. 8661 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.

രാജ്യം രണ്ടാംഘട്ട വൈറസ് വ്യാപനത്തിലേക്ക് പോകുന്നു എന്ന സൂചന നല്‍കുന്നതാണ് കോവിഡ് കണക്കുകള്‍. 24 മണിക്കൂറിനിടെ നൂറോളം കേസുകളുടെ വര്‍ദ്ധനയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 399 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതല്‍ ഇതുവരെ കോവിഡ് കേസുകളില്‍ പത്തു ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയില്‍ ഇത് ഒമ്പതര മുതല്‍ പന്ത്രണ്ടു ശതമാനം വരെയാണ് എന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഉമര്‍ ബിന്‍ ഹമ്മാദി വ്യക്തമാക്കി. അതേസമയം, 0.5 ശതമാനം മാത്രമാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവര്‍.

കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്ന സൂചനയുണ്ട്. മാര്‍ച്ച് മദ്ധ്യം മുതല്‍ ജൂലൈ 24 വരെ ആയിരുന്നു രാജ്യത്തെ ആദ്യഘട്ട ലോക്ക്ഡൗണ്‍.