ഫിര്‍ദൗസ് കായല്‍പുറം

തിരുവനന്തപുരം: തീരദേശ ഹൈവേക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വഴിയാധാരമാകുന്നത് പത്ത് ലക്ഷത്തോളം കുടുംബങ്ങള്‍. നിലവില്‍ സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത മൂന്ന് ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. വീടില്ലാത്തവരുടെ എണ്ണം 22432 ആണ്. ഇവരെ കൂടി ഉള്‍പെടുത്തി പുനരധിവാസം സാധ്യമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. തീരദേശപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വെ ഈ മാസം ആരംഭിക്കാനിരിക്കെ മത്സ്യത്തൊഴിലാളി സംഘടനകളെ സര്‍ക്കാര്‍ ഇനിയും ചര്‍ച്ചക്ക് വിളിച്ചിട്ടില്ല.

തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം എങ്ങനെയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് മത്സ്യമേഖയുടെ തീരുമാനം. ആഗസ്റ്റിലാണ് തീരദേശ ഹൈവേയും മലയോര ഹൈവേയും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

630 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരദേശ ഹൈവേയും 1267 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും നിര്‍മിക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് നാറ്റ്പാക് സര്‍ക്കാരിന് സമര്‍പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കുകയോ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്തിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളിലായി 630 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തീരദേശപാത നിര്‍മിക്കുന്നത്. പരമാവധി വീതി 12 മീറ്ററും കുറഞ്ഞ വീതി ഏഴ് മീറ്ററുമായാണ് നിശ്ചയിച്ചിട്ടുള്ളത്. വീതി കുറഞ്ഞ സ്ഥലങ്ങളില്‍ ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കടലോരത്ത് പൊതുവേ തീരം കുറവാണ്. ഇവിടെ കൂടുതല്‍ സ്ഥലമെടുക്കേണ്ടിവരും. കോഴിക്കോട് കൊയിലാണ്ടി, കൊല്ലം ഇരവിപുരം, തിരുവനന്തപുരം വലിയതുറ തുടങ്ങി ആവശ്യത്തിന് തീരമില്ലാത്ത നിരവധി പ്രദേശങ്ങള്‍ നിര്‍ദ്ദിഷ്ട തീരദേശപാതയിലുണ്ട്.

ഇരുപാതകളുടെയും നിര്‍മാണം ഏപ്രില്‍ മാസം ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. ഒന്നരമാസമാസം കൊണ്ട് ഈ പത്ത് ലക്ഷം പേരുടെ പുനരധിവാസം ഉറപ്പാക്കാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. തൊഴില്‍പരമായ സൗകര്യം നഷ്ടമാകാത്തവിധം സമീപ പ്രദേശങ്ങളിലേക്കു തന്നെ ഇവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരദേശത്തുനിന്ന് വളരെ അകലേക്ക് മാറ്റുന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അടിയന്തരമായി മത്സ്യമേഖലയിലുള്ളവരുടെ യോഗം വിളിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.