തെല്‍അവീവ്: നിരായുധനായ ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രാഈല്‍ സൈനികനെ കോടതി കുറ്റക്കാരനായി വിധിച്ചു. അബ്ദുല്‍ ഫത്താഹ് അല്‍ ശരീഫ്(21) എന്ന ഫലസ്തീന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ സെര്‍ജന്റ് എലോര്‍ അസാറിയ(20) കുറ്റക്കാരനാണെന്ന്് സൈനിക കോടതി കണ്ടെത്തി.
കഴിഞ്ഞ മാര്‍ച്ചില്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു സൈനികനെ കുത്തിയെന്ന് ആരോപിച്ച് ശരീഫിനെ ഇസ്രാഈല്‍ സൈനികര്‍ വെടിവെച്ചു വീഴ്ത്തി.

പരിക്കേറ്റ് അനങ്ങാന്‍ പോലും സാധിക്കാതെ റോഡില്‍ കിടക്കുകയായിരുന്ന യുവാവിന്റെ തലക്ക് അസാറിയ വെടിവെക്കുകയായിരുന്നു. ശരീഫിന്റെ ശരീരത്തില്‍ ചാവേര്‍ ബെല്‍റ്റുണ്ടാകുമെന്ന്് കരുതിയാണ് വെടിവെച്ചതെന്ന സൈനികന്റെ വാദം പ്രോസിക്യൂഷന്‍ തള്ളി. പ്രതികാരത്തോടെയാണ് അസാറിയ പ്രവര്‍ത്തിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിച്ചു. ഇസ്രാഈല്‍ പ്രതിരോധ സേനയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് സൈനികന്റെ പ്രവൃത്തിയെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കി. ശരീഫിനോടൊപ്പം റംസി അസീസ് അല്‍ ഖസ്‌റാവിയെന്ന യുവാവിനെയും ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.

പരിക്കേറ്റ് കിടക്കുന്ന ശരീഫിനെ അസാറിയ വെടിവെച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യം ഇസ്രാഈലിലെ ഒരു പ്രമുഖ മനുഷ്യാവകാശ സംഘടന പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്. സുഹൃത്തിനെ കൊന്ന ഫലസ്തീനി മരണം അര്‍ഹിക്കുന്നുണ്ടെന്ന് ശരീഫിനെ കൊലപ്പെടുത്തിയ ശേഷം അസാറിയ തന്നോട് പറഞ്ഞതായി മറ്റൊരു സൈനികന്‍ കോടതിയില്‍ മൊഴിനല്‍കി. കോടതി വിധിയെ അസാറിയയുടെ കുടുംബം വിമര്‍ശിച്ചു.

നിരപരാധിത്വം തെളിയിക്കുന്നതിന് അദ്ദേഹം മുന്നോട്ടുവെച്ച തെളിവുകള്‍ കോടതി ഗൗരവത്തിലെടുത്തില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 150ലേറെ ഫലസ്തീനികളെ ഇസ്രാഈല്‍ സേന പ്രകോപനം കൂടാതെ വെടിവെച്ചുകൊന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.