കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട്ട് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുള്ളത്. പൊതുപരിപാടികളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് കളക്ടറുടെ ഉത്തരവ്.

മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര്‍ക്കും കല്യാണ ചടങ്ങുകളില്‍ അമ്പതുപേര്‍ക്കും മാത്രമാണ് പങ്കെടുക്കാനുള്ള അനുമതി. ആരാധനാലയങ്ങളില്‍ അമ്പതുപേര്‍ക്കും പ്രവേശിയ്ക്കാം. നീന്തല്‍കുളങ്ങള്‍, ഓഡിറ്റോറിയം, കളിസ്ഥലങ്ങള്‍ എന്നിവ അടച്ചിടാനും കളക്ടര്‍ ഉത്തരവിട്ടു.

ഇരുനൂറിലധികം പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാളയം പച്ചക്കറി മാര്‍ക്കറ്റ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു. സമൂഹവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഹാര്‍ബറുകളിലും പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും കഴിഞ്ഞ ദിവസം തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.