ബെയ്ജിംങ്: കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്തതും അതിന്മേല്‍ തുടര്‍ നടപടികളെടുത്തതും തങ്ങള്‍ മാത്രമാണെന്ന അവകാശ വാദവുമായി ചൈന. കോവിഡ് ചൈനയിലെ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന പ്രചാരണം നിരാകരിക്കുകയാണെന്നും ചൈന പ്രതികരിച്ചു.

വുഹാനിലെ ഒരു ബയോ ലാബില്‍ നിന്നാണ് കൊറോണ പുറത്തുവന്നതെന്ന യുഎസ് ആരോപണത്തെ നിഷേധിച്ച ചൈന മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് നഗരത്തില്‍ ജീവികളെ വില്‍ക്കുന്ന കമ്പോളങ്ങളിലെ വവ്വാലുകളില്‍ നിന്നോ മറ്റു ജീവികളില്‍ നിന്നോ വൈറസ് ഉത്ഭവിച്ചതാണെന്ന വാദത്തെ തള്ളിക്കളഞ്ഞു.

‘കഴിഞ്ഞ വര്‍ഷം അവസാനം ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി നമുക്കെല്ലാവര്‍ക്കും അറിയാം. അത്തരത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയാണ്. രോഗകാരിയെ തിരിച്ചറിഞ്ഞ് അതിന്റെ ജനിതക സീക്വന്‍സ് ലോകവുമായി പങ്കിട്ടു,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുയിനിങ് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സിപിസി) വൈറസ് വ്യാപനം മറച്ചുവെച്ചുവെന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ഹുവ ഇക്കാര്യങ്ങള്‍ പറഞ്ഞത്.