ഡല്‍ഹി: രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരില്‍ പകുതിയോളം പേരും മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെയുള്ള ആക്ടീവ് കേസുകളില്‍ 23.28 % പേരാണ് മഹാരാഷ്ട്രയില്‍. കര്‍ണാടകത്തില്‍ 14.19 ശതമാനവും കേരളത്തില്‍ ഇത് 12.40 ശതമാനവുമാണ്. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം,മലപ്പുറം തൃശൂര്‍ എന്നീ ജില്ലകളിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഈ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് നിലവില്‍ കോവിഡ് ചികിത്സയിലുള്ള 64 ശതമാനം പേരും ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പല രാജ്യങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ആഗോളതലത്തില്‍ ഏറ്റവും താഴ്ന്ന രോഗവ്യാപന നിരക്കാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
67 ലക്ഷം പേര്‍ ഇതിനകം രോഗമുക്തി നേടി. 9.6 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിദിന പോസിറ്റീവ് നിരക്കും ഗണ്യമായി കുറഞ്ഞു. ആകെയുള്ള കേസുകളില്‍ 9.8 ശതമാനം മാത്രമാണ് ആക്ടീവ് കേസുകളെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.