ഡല്‍ഹി: രാജ്യത്ത് പത്ത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയ 86,961 പേരില്‍ 76 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 20000ലധികം പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ആന്ധ്രയില്‍ ഇത് 8000മാണ്.

കോവിഡ് മരണത്തില്‍ 86 ശതമാനവും പത്ത് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച 1130 പേരില്‍ മഹാരാഷ്ട്രയില്‍ മാത്രം 455 പേരാണ് മരിച്ചത്. കര്‍ണാടക 101, ഉത്തര്‍പ്രദേശ് 94 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു. 24 മണിക്കൂറിനിടെ 93,356 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രോഗമുക്തി നേടിയവരുടെ എണ്ണം 44 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 43,96,399 പേരാണ് രോഗമുക്തി നേടിയത്. ചികിത്സയിലുളളത് 10 ലക്ഷത്തില്‍ അധികമാണ്.